
ആലപ്പുഴ: അഭിഭാഷകനായ യുവാവ് പിതാവിനെ വെട്ടികൊലപ്പെടുത്തി. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണു പിതാവ് നടരാജനെ (63) കൊലപ്പെടുത്തിയത്. നവജിത്തിന്റെ ആക്രമണത്തിൽ അമ്മ സിന്ധുവിന് (48) ഗുരുതരമായി പരിക്കേറ്റു. ഇവരെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് ദാരുണമായ സംഭവമുണ്ടായത് എന്നാണ് റിപ്പോർട്ട്.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. മാതാപിതാക്കളുമായുണ്ടായ തർക്കത്തെത്തുടർന്ന് നവജിത്ത് ഇരുവരെയും വെട്ടുകത്തികൊണ്ടു വെട്ടുകയായിരുന്നു. നിലവിളി കേട്ടു പ്രദേശവാസികൾ എത്തിയപ്പോൾ നവജിത്ത് ചോരപുരണ്ട വെട്ടുകത്തിയുമായി വീടിനു പുറത്തു നിൽക്കുന്നതാണു കണ്ടത്. ഇയാൾ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
അയൽവാസികൾ വീടിനുള്ളിൽ കയറിനോക്കിയപ്പോഴാണു നടരാജനും സിന്ധുവും രക്തം വാർന്നുകിടക്കുന്നതു കണ്ടത്. പ്രദേശവാസികൾ ഉടൻതന്നെ ആംബുലൻസിൽ ഇരുവരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നടരാജന്റെ ജീവൻ രക്ഷിക്കാനായില്ല.











