04:09am 10 October 2026
NEWS
അഭിഭാഷകനെ മർദിച്ച സംഭവം: പൊലീസുകാരന് സസ്പെൻഷൻ
09/10/2026  11:36 AM IST
nila
അഭിഭാഷകനെ മർദിച്ച സംഭവം: പൊലീസുകാരന് സസ്പെൻഷൻ

കൊല്ലം: അഭിഭാഷകനെയും സുഹൃത്തുക്കളെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ അൽ സഫീർ എന്ന ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ രം​ഗത്തെത്തിയിരുന്നു. 

കഴിഞ്ഞദിവസം രാത്രി 10.20ഓടെ കൊല്ലം മേമനത്തെ ലാലാസ് കൺവെൻഷൻ സെന്ററിന് സമീപമായിരുന്നു സംഭവം. കൊല്ലം ബാർ അസോസിയേഷൻ അംഗമായ അഭിഭാഷകൻ ഗുൽസാറും സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് പൊലീസ് ജീപ്പ് എത്തിയത്. ജീപ്പിൽനിന്ന് യൂണിഫോമിലല്ലാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇറങ്ങി ഇവരോട് വീട് എവിടെയാണെന്ന് ചോദിച്ചതായും തുടർന്ന് കാരണമൊന്നും വ്യക്തമാക്കാതെ അഭിഭാഷകന്റെ സുഹൃത്തിനെ ലാത്തികൊണ്ട് അടിച്ചതായും പരാതിയിൽ പറയുന്നു.

ഇത് ചോദ്യം ചെയ്തതോടെ അഭിഭാഷകനോടും ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും മർദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തെന്നുമാണ് ആരോപണം. അഭിഭാഷകനാണെന്ന് പറഞ്ഞിട്ടും അതിക്രമം തുടർന്നതായി പരാതിയിലുണ്ട്.

സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും ബാർ അസോസിയേഷൻ പരാതി നൽകിയിരുന്നു. പരാതിയിൽ സ്പെഷൽ സെൽ എസ്.പി. അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചതായി ബാർ അസോസിയേഷന് മറുപടി ലഭിച്ചിട്ടുണ്ട്.

അഭിഭാഷകർക്കെതിരായ ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ബാർ അസോസിയേഷന്റെ ആവശ്യം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img