03:54am 09 November 2026
NEWS
സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ; ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റിന്റെ പ്രവർത്തനഭൂമിയിൽ വേറിട്ട മാതൃക
15/08/2026  03:59 PM IST
nila
സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ; ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റിന്റെ പ്രവർത്തനഭൂമിയിൽ വേറിട്ട മാതൃക

ചെന്നൈ: ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായി അറിയപ്പെടുന്ന മലയാപുരം ശിങ്കാരവേലു ചെട്ടിയാർ പ്രവർത്തിച്ച ട്രിപ്ലിക്കേനിൽ സിപിഎമ്മിന് മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ. ഗോകുൽകൃഷ്ണനും മദ്രാസ് സർവകലാശാല പ്രഫസർ ജി. ജയന്തിയുമാണ് കുടുംബസ്വത്തിൽനിന്നുള്ള വിഹിതം പാർട്ടിക്ക് കൈമാറിയത്.

ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ട്രിപ്ലിക്കേനിലെ ഐസ്ഹൗസിൽ നടന്ന ചടങ്ങിൽ സ്വത്തിന്റെ രജിസ്ട്രേഷൻ രേഖ സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖത്തിന് ദമ്പതികൾ കൈമാറി.

2400 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽനിന്ന് 700 ചതുരശ്രയടി സ്ഥലമാണ് സിപിഎമ്മിന്റെ പേരിലേക്ക് മാറ്റിയത്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചെലവായ 10 ലക്ഷം രൂപയും ഗോകുൽകൃഷ്ണൻ തന്നെ വഹിച്ചതായി പാർട്ടി നേതാക്കൾ പറഞ്ഞു. ചടങ്ങിൽ പി. ഷൺമുഖത്തെ അണിയിക്കാൻ ചുവന്ന ഷാളുമായാണ് ജയന്തി എത്തിയത്.

പാർട്ടിയോടുള്ള അടുപ്പം സ്വത്ത് കൈമാറ്റത്തിലേക്ക്

സിഐടിയു ഓട്ടോ–ടാക്സി തൊഴിലാളി സംഘം സജീവ പ്രവർത്തകനായ അയനാവരം സ്വദേശി കെ. പ്രഭാകരനുമായുള്ള ബന്ധമാണ് ദമ്പതികളെ സിപിഎമ്മിലേക്ക് എത്തിച്ചത്. 20 വർഷമായി പ്രഭാകരന്റെ ഓട്ടോയിൽ സ്ഥിരം യാത്രക്കാരായിരുന്നു ഗോകുൽകൃഷ്ണനും കുടുംബവും.

കുടുംബസ്വത്തിൽനിന്നുള്ള വിഹിതം ഏതെങ്കിലും നന്മപ്രവർത്തനത്തിന് ഉപയോഗിക്കണമെന്ന ആഗ്രഹം ദമ്പതികൾ പ്രഭാകരനുമായി പങ്കുവെച്ചിരുന്നു. തുടർന്ന് സ്വത്ത് സിപിഎമ്മിന് നൽകാനുള്ള ആശയം മുന്നോട്ടുവന്നു. പാർട്ടിയുടെ ആശയങ്ങളോട് താൽപര്യം തോന്നിയതോടെയാണ് ദമ്പതികൾ തീരുമാനം ഉറപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.

ശിങ്കാരവേലു ചെട്ടിയാർ പ്രവർത്തിച്ച പ്രദേശത്ത് പാർട്ടിക്ക് സ്ഥലം ലഭിക്കാൻ പ്രഭാകരന്റെ കമ്മ്യൂണിസ്റ്റ് ജീവിതവും ഇടപെടലുകളും കാരണമായതായി ചെന്നൈ സെൻട്രൽ ജില്ലാ സെക്രട്ടറി ജി. സെൽവ പറഞ്ഞു.

പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പേരിലാണ് സ്വത്തിന്റെ രജിസ്ട്രേഷൻ നടത്തിയത്. ചെന്നൈയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നിൽ ലഭിച്ച സ്വത്ത് ജനോപകാരപ്രദമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് ചെപ്പോക്ക് ഏരിയ സെക്രട്ടറി ആർ. കപാലിയും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img