
വിദ്വേഷപ്രസംഗം, അവയുടെ പ്രചാരണം എന്നിവ കുറ്റമാക്കിക്കൊണ്ട് കർണാടകത്തിൽ പുതിയ നിയമം വരുന്നു. ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഈ മാസം എട്ടിന് ബെളഗാവിയിൽ ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. ജാതി, മതം, ലിംഗഭേദം, വ്യക്തിവിരോധം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണ് കുറ്റകരമായി കണക്കാക്കുക. അത്തരം പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. വിദ്വേഷപ്രസംഗം നടത്തുന്നവർക്കും പ്രചരിപ്പിക്കുന്നതും ഏഴുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും ചുമത്താവുന്ന ജാമ്യമില്ലാ കുറ്റമായാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. വിദ്വേഷപ്രസംഗത്തിന് വേദിയൊരുക്കുന്ന കൂട്ടായ്മകൾ, സംഘടനകൾ, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ എന്നിവ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. വിദ്വേഷപ്രസംഗം തങ്ങളുടെ അറിവോടെയല്ലെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം വേദിയൊരുക്കുന്നവരുടേതാണ്. ഒരുവർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ഏറ്റവും കുറഞ്ഞ ശിക്ഷ. കൂട്ടായ്മ രജിസ്റ്റർ ചെയ്തതാണോ അല്ലയോ എന്നത് വിഷയമല്ല. വിദ്വേഷപ്രസംഗം ഏതെങ്കിലും വിധത്തിൽ ഓഫ് ലൈനായോ ഓൺലൈനായോ പ്രചരിപ്പിക്കുന്നതും ജാമ്യമില്ലാ കുറ്റമാണ്. പ്രതിപക്ഷ പാർട്ടിയായ ബിജെപിയെ ലക്ഷ്യമിട്ടാണ് കോൺഗ്രസ്സ് ഗവണ്മെന്റ് ഈ നിയമം കൊണ്ടുവരുന്നതെന്ന ആരോപണം ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര നിഷേധിച്ചു. " ഞങ്ങൾ ( കോൺഗ്രസ്സ്) സ്ഥിരമായി അധികാരത്തിൽ ഉണ്ടാകില്ലല്ലോ. മറ്റുപാർട്ടികളും അധികാരത്തിൽ വരും. ഈ ബിൽ ഒരു രാഷ്ട്രീയപാർട്ടിയെയും ലക്ഷ്യമിടുന്നില്ല. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്" അദ്ദേഹം വ്യക്തമാക്കി. പുസ്തകം, ലഘുരേഖ, പത്രം, ലേഖനം, ചിത്രം എന്നിവയൊന്നും ഈ നിയമത്തിന്റെ പരിധിയിൽ വരില്ല. ജില്ലാ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവർക്ക് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.
Photo Courtesy - Google











