
ഹൈദരാബാദ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ ഹൈദരാബാദ് നാഷനൽ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ. ചടങ്ങ് ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പുമായി വിദ്യാർഥികൾ സർവകലാശാല അധികൃതർക്ക് ഇ-മെയിൽ അയച്ചു.
നീറ്റ് ക്രമക്കേടിനെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോഴുള്ള ചീഫ് ജസ്റ്റിസിന്റെ സമീപനമാണ് പ്രതിഷേധത്തിന് പിന്നിൽ. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിച്ച വിദ്യാർഥികളുടെ വാദം കേൾക്കാൻ പോലും തയ്യാറാകാത്ത ഒരാളെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി കാണാൻ താൽപര്യമില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.
ഭരണഘടനാ അവകാശങ്ങളും നീതിയിലേക്കുള്ള പ്രവേശനവും പരാതികൾ കേൾക്കാനുള്ള ഉത്തരവാദിത്തവുമാണ് നിയമപഠനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ. ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ബിരുദദാന ചടങ്ങിൽ, പൊലീസ് അതിക്രമത്തിനെതിരെ നീതി തേടിയെത്തിയ വിദ്യാർഥികളുടെയും പൗരൻമാരുടെയും വാദം പരിഗണിക്കാത്ത ഒരാളിൽ നിന്ന് ബിരുദം സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാർഥികൾ ഇ-മെയിലിൽ വ്യക്തമാക്കി.
വിദ്യാർത്ഥികളെ ചൊടിപ്പിച്ചത് ‘വീഡിയോ കാണാൻ സമയമില്ല’ എന്ന പരാമർശം
‘ചലോ സൻസദ്’ മാർച്ചിനിടെ പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലീസും കേന്ദ്രസേനയും അതിക്രമം നടത്തിയെന്നാണ് ആരോപണം. ലാത്തിച്ചാർജ്, കണ്ണീർവാതകം, ഇലക്ട്രിക് ബാറ്റൺ, പെല്ലറ്റ് ഗൺ എന്നിവ പ്രയോഗിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ നീതി തേടി വിദ്യാർഥികളും പൗരൻമാരും സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാമെന്ന് ഹർജിക്കാർ അറിയിച്ചപ്പോൾ, വീഡിയോകൾ കാണുന്നതിൽ താൽപര്യമില്ലെന്നും അതിന് സമയമില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചതായാണ് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്.
ഈ നിലപാടിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ ബിരുദദാന ചടങ്ങിനെതിരെ വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. സർവകലാശാലയ്ക്ക് നൽകിയ ഇ-മെയിലിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടും അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തെ പ്രമുഖ നിയമവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഹൈദരാബാദ് നാഷനൽ ലോ യൂണിവേഴ്സിറ്റി.










