
തിരുവനന്തപുരം:അഭിഭാഷകവൃത്തി കേവലം കറുത്ത കോട്ടും ഗൗണും അണിയുന്ന ഒന്നല്ല, മറിച്ച് സമൂഹത്തോടുള്ള വലിയൊരു ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയതായി എൻറോൾ ചെയ്ത അഭിഭാഷകരുടെ ഇൻഡക്ഷൻ സെറിമണിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനവും പ്രൊഫഷനും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും കോടതിമുറിയിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും അദ്ദേഹം യുവ അഭിഭാഷകരെ ഓർമ്മിപ്പിച്ചു.
ഭരണഘടനയാണ് ഏറ്റവും വലിയ അടിത്തറ.ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ വ്യക്തമായ ഭരണഘടനാ ചട്ടക്കൂട് ആവശ്യമാണ്. സംശയനിവാരണത്തിന് കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലെ ചർച്ചകൾ വായിച്ചു പഠിക്കാൻ അദ്ദേഹം ജൂനിയർ അഭിഭാഷകരോട് നിർദ്ദേശിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള കൈത്താങ്ങാണ് സംവരണമെന്നും അത് ഔദാര്യമല്ലെന്നും നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
ലോ കോളേജിലെ തിയറിയല്ല കോടതിയിൽ പ്രയോഗിക്കേണ്ടത്. പുതിയ ജഡ്ജ്മെന്റുകൾ വായിച്ച് അറിവ് അപ്‌ഡേറ്റ് ചെയ്യണം. 'മാരിടൈം ലോ' പോലുള്ള പുത്തൻ നിയമ ശാഖകളിലേക്ക് യുവതലമുറ കടന്നുവരണം.
ഡോക്ടറെപ്പോലെ 'സർജിക്കൽ പ്രിസിഷൻ' വേണം: ഒരു ഡോക്ടർ പണത്തിന്റെ വ്യത്യാസം നോക്കാതെ സർജറി കൃത്യതയോടെ ചെയ്യുന്നതുപോലെ, വക്കീലന്മാരും ഫീസിന്റെ വ്യത്യാസം നോക്കാതെ ഓരോ കേസും തുല്യമായ കൃത്യതയോടെയും മൂർച്ചയോടെയും വാദിക്കണം.കോടതിയുമായി വഴക്കിടരുത്; എളിമയോടെ എന്നാൽ വ്യക്തതയോടെ കാര്യങ്ങൾ പറയുക.
ഫീസിന്റെ അടിസ്ഥാനത്തിൽ ക്ലയന്റുകളോട് വിവേചനം കാണിക്കരുത്.
കേസുകൾ അനാവശ്യമായി നീട്ടിക്കൊണ്ടുപോകാതെ ക്ലയന്റിനോട് പൂർണ്ണ സത്യസന്ധത പുലർത്തുക.










