06:57pm 23 October 2026
NEWS
ലവ് ജി​ഹാദ് തടയണം; ​ഗുജറാത്തിൽ വിവാഹ രജിസ്ട്രേഷൻ കൂടുതൽ കർശനമാക്കാൻ നിയമഭേ​ദ​ഗതി
21/02/2026  06:24 AM IST
nila
ലവ് ജി​ഹാദ് തടയണം; ​ഗുജറാത്തിൽ വിവാഹ രജിസ്ട്രേഷൻ കൂടുതൽ കർശനമാക്കാൻ നിയമഭേ​ദ​ഗതി

അഹമ്മദാബാദ്: പ്രണയവിവാഹങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കർശനമാക്കാൻ ​ഗുജറാത്ത് സർക്കാർ. ലവ് ജിഹാദ് ഉൾപ്പെടെയുള്ള പ്രണയ വഞ്ചനകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമഭേദ​ഗതി എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പ്രണയ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ രക്ഷിതാക്കളുടെ അറിവും പങ്കാളിത്തവും ഉറപ്പാക്കുന്ന നിയമഭേദഗതിയാണ് സർക്കാർ പരിഗണിക്കുന്നത്. പ്രണയത്തിനെതിരായ നടപടിയല്ല ഇതെന്നും, വിവാഹവഞ്ചനകൾ തടയുക എന്നതാണ് ലക്ഷ്യമെന്നും സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നു.

നിരപരാധികളായ പെൺകുട്ടികൾ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഭേദഗതി എന്നായിരുന്നു നിയമസഭയിൽ വിഷയം അവതരിപ്പിച്ച ഉപമുഖ്യമന്ത്രി ഹർഷ് സംഘവി പറഞ്ഞത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വധൂവരന്മാർ അവരുടെ അച്ഛനമ്മമാരെ അറിയിച്ചിരിക്കണം എന്നതാണ് നിയമത്തിലെ പ്രധാന നിർദ്ദേശം.

നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ, അസിസ്റ്റന്റ് രജിസ്ട്രാർ പത്ത് ദിവസത്തിനകം വധൂവരന്മാരുടെ രക്ഷിതാക്കളെ നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടണം. അപേക്ഷയിൽ വധൂവരന്മാരുടെ രേഖകളോടൊപ്പം രക്ഷിതാക്കളുടെ ആധാർ പകർപ്പുകൾ, വിലാസം, ഫോൺ നമ്പർ എന്നിവയും നൽകേണ്ടിവരും. രക്ഷിതാക്കളുടെ സമ്മതമുണ്ടോയെന്നും രേഖയിൽ വ്യക്തമാക്കണം.

താലൂക്ക് രജിസ്ട്രാർ വിശദാംശങ്ങൾ പരിശോധിച്ച ശേഷം എല്ലാം ശരിയാണെന്ന് കണ്ടെത്തിയാൽ 30 ദിവസത്തിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് നൽകും. ഇത് സർക്കാർ തയ്യാറാക്കുന്ന ഓൺലൈൻ പോർട്ടലിലും അപ്‌ലോഡ് ചെയ്യും. ഭേദഗതിയെക്കുറിച്ച് പൊതുജനാഭിപ്രായം തേടുമെന്നും, സമിതി പരിശോധനയ്ക്ക് ശേഷം അന്തിമ നിയമരൂപം കൈക്കൊള്ളുമെന്നും സർക്കാർ അറിയിച്ചു.

വിവാഹവഞ്ചനകളുടെ പേരിൽ ഉയർന്ന പരാതികളാണ് ഈ നീക്കത്തിന് പിന്നിലെന്ന് മന്ത്രി വിശദീകരിച്ചു. പാഞ്ച്മഹാൽ ജില്ലയിൽ മുസ്‌ലിം കുടുംബങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ പോലും നിക്കാഹ് സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ആൾമാറാട്ടവും മതപരമായ പ്രേരണകളും തടയാനാണ് നിയമഭേദഗതിയെന്ന നിലപാടിലാണ് സർക്കാർ.

ഇതിനിടെ, പട്ടേൽ, ഠാക്കൂർ സമുദായ സംഘടനകൾ രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന വിവാഹങ്ങൾ നിയമപരമായി അസാധുവാക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img