
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ ലഷ്കറെ തയിബയുടെ ഉന്നത കമാൻഡർ ലത്തീഫ് ഭട്ട് കുടുങ്ങിയതായി റിപ്പോർട്ട്. ഇയാളുടെ ഒളിത്താവളം വളഞ്ഞ സുരക്ഷാസേന വിഡിയോ കോളിലൂടെ ബന്ധപ്പെട്ട് കീഴടങ്ങാൻ ആവശ്യപ്പെട്ടതായാണ് എൻഡിടിവി റിപ്പോർട്ട്. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’ എന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഭട്ടിനോട് പറയുന്നതും പുറത്തുവന്ന വിഡിയോയിൽ കേൾക്കാം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
നവംബർ 11ന് കുൽഗാമിലെ അഖ്റൻ ഗ്രാമത്തിലുള്ള സിആർപിഎഫ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടും കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഭീകരൻ ഉമർ നിസാർ ദറും ആണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്കേറ്റിരുന്നു.
കഴിഞ്ഞ ആറുമാസമായി ഉമർ നിസാർ ദർ ലത്തീഫ് ഭട്ടിന് ഒളിത്താവളമൊരുക്കിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലാറു ബൈപ്പാസിന് സമീപത്തെ സ്കൂൾ കെട്ടിടത്തിൽ ഇരുവരും ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാസേന പ്രദേശം വളഞ്ഞത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഉമർ കൊല്ലപ്പെട്ടു. ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ ആദ്യം പ്രചരിച്ചെങ്കിലും വെടിയേറ്റ ഇയാൾ രക്ഷപ്പെട്ടതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
ഡ്രോണുകളുടെ സഹായത്തോടെയാണ് നിലവിൽ ഭട്ടിനായി സുരക്ഷാസേന തിരച്ചിൽ നടത്തുന്നത്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടന ലഷ്കറെ തയിബയുടെ അനുബന്ധ സംഘടനയായ ദ് റെസിസ്റ്റന്റ് ഫ്രണ്ടിൽ അടുത്തിടെയാണ് ഉമർ അംഗമായത്. ഉമറിനെ കാണാനില്ലെന്ന് കുടുംബം നേരത്തെ പരാതി നൽകിയിരുന്നു.










