11:50pm 09 November 2026
NEWS
ഭീകരർ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ലേ? ലഷ്കറെ തയിബയുടെ സഹ സ്ഥാപകൻ അമീർ ഹംസക്ക് എന്ത് സംഭവിച്ചു?
21/05/2025  03:25 PM IST
nila
ഭീകരർ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ലേ? ലഷ്കറെ തയിബയുടെ സഹ സ്ഥാപകൻ അമീർ ഹംസക്ക് എന്ത് സംഭവിച്ചു?

ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സഹ സ്ഥാപകൻ അമീർ ഹംസയ്ക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, എന്താണ് സംഭവിച്ചതെന്നോ അമീർ ഹംസയുടെ ആരോ​ഗ്യസ്ഥിതി സംബന്ധിച്ചോ പാക് അധികൃതരോ ലഷ്കറെ തയിബയോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

സ്വന്തം വീട്ടിൽവെച്ച് അമീർ ഹംസക്ക് വെടിയേറ്റു എന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും ഇത് തെറ്റാണെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി. എന്നാൽ, വീട്ടിൽവെച്ച് എങ്ങനെയാണ് പരിക്കേറ്റതെന്ന് ഇപ്പോഴും വ്യക്തമല്ല. ദേശീയ മാധ്യമങ്ങളാണ് അമീർ ഹംസ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട് ചെയ്യുന്നത്. 

ലഷ്കറെ തയിബയുടെ 17 സ്ഥാപകരിൽ ഒരാളാണ് അമീർ ഹംസ. വർഷങ്ങളോളം ലഷ്കറിന്റെ പ്രചാരണ വിഭാഗത്തെയും ജനസമ്പർക്ക പരിപാടികളെയും നിയന്ത്രിച്ചത് ഹംസയാണ്. പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‍റൻവാല നഗരത്തിൽ നിന്നുള്ള ഹംസയെ 2012 ഓഗസ്റ്റിൽ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സോവിയറ്റ് ഭരണകാലത്ത് സ്വതന്ത്ര അഫ്‌ഗാനിസ്ഥാനു വേണ്ടി ആയുധമെടുത്ത അമീർ ഹംസ പിന്നീട് ലഷ്കറെ തയിബ സ്ഥാപിച്ച ശേഷം അവയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു.

2018-ൽ സാമ്പത്തിക സഹായങ്ങൾ കുറഞ്ഞതിന്റെ പേരിൽ ലഷ്‌കറുമായി അകലം പാലിച്ച ഹംസ ജെയ്ഷെ മൻഫാഖ എന്ന പേരിൽ മറ്റൊരു ഭീകര സംഘടന രൂപീകരിച്ച് ജമ്മുകശ്മീരടക്കമുള്ള മേഖലയിൽ ഭീകരാക്രമണങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനുശേഷവും അമീർ ഹംസ ലഷ്കർ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img