
ഭരണഭാഷാവാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എഴുത്തുകാരൻ എസ് ഹരീഷ് സംസാരിക്കുന്നു.
കൊച്ചി: "ഭാഷയും ശാസ്ത്രവും തമ്മിലുള്ള ബന്ധം അതീവ ഗൗരവമുള്ളതാണ്. ശാസ്ത്ര വിദ്യാർത്ഥികളേയും അധ്യാപകരേയും സംബന്ധിച്ച് ഭാഷ വെറും ഉപകരണമല്ല, മറിച്ച് അറിവിലേക്കുള്ള വാതിലുമാണ്," എന്ന് പ്രശസ്ത മലയാള എഴുത്തുകാരന്‍ എസ്. ഹരീഷ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഭരണഭാഷാവാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
"മനുഷ്യന്‍ യഥാര്‍ഥത്തിൽ മാറിയത് ഭാഷയെ സ്വായത്തമാക്കിയതിനു ശേഷമാണ്. ഒരുകാലത്ത് സാഹിത്യവും തത്ത്വചിന്തയുമായിരുന്നു ജ്ഞാനസമ്പാദനത്തിന്‍റെ പ്രധാന മാര്‍ഗ്ഗങ്ങളെങ്കിൽ ഇന്ന് സമൂഹത്തിലെ മാറ്റങ്ങളും പുരോഗതിയും ശാസ്ത്രത്തിലൂടെയാണ്സംഭവിക്കുന്നത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു അധ്യക്ഷത വഹിച്ചു. കുസാറ്റ് C-SiS അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബേഷ് രഘുവരൻ, ഷിപ് ടെക്‌നോളജി വകുപ്പ് സെക്ഷൻ ഓഫീസർ എസ്. ഹരികുമാർ, കുസാറ്റ് പ്ലാനിംഗ് ആൻഡ് ഡവലപ്മെന്റ് ഓഫീസർ സയ്ദ കെ എം എന്നിവർ സംസാരിച്ചു.
വാരാഘോഷത്തിന്റെ ഭാഗമായി കുസാറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ഡിസി ബുക്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പുസ്തകോത്സവം രജിസ്ട്രാർ ഡോ അരുൺ എ യൂ ഉദ്‌ഘാടനം ചെയ്തു. തുടർന്നുള്ള ഒരാഴ്ച സർവകലാശാല വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി സാഹിത്യ ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തുന്നുണ്ട്. നവംബർ നാലിനു കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ മ്യൂസ് മേരി ജോർജ് പ്രഭാഷണം നടത്തും. നവംബർ 7 ന് നടക്കുന്ന സമാപനചടങ്ങിൽ പ്രശസ്ത സാഹിത്യകാരിയും കുസാറ്റിലെ മുൻ അംഗവുമായ പ്രിയ എ എസ് മുഖ്യാതിഥിയായിരിക്കും
Photo Courtesy - Google







