03:00am 01 May 2026
NEWS
കശ്മീരിൽ കൊല്ലപ്പെടുന്ന സൈനികരുടെയും സാധാരണക്കാരുടെയും ആശ്രിതർക്ക് അവിടെ ഭൂമി പതിച്ചുനൽകണം
25/04/2025  11:31 AM IST
nila
കശ്മീരിൽ കൊല്ലപ്പെടുന്ന സൈനികരുടെയും സാധാരണക്കാരുടെയും ആശ്രിതർക്ക് അവിടെ ഭൂമി പതിച്ചുനൽകണം
HIGHLIGHTS

മതം തന്നെയാണ് കശ്മീരിലെ യഥാർത്ഥ പ്രശ്നം. 

കശ്മീരിലെ ഭീകരവാദത്തിനും രക്തച്ചൊരിച്ചിലിനും സ്വതന്ത്ര ഇന്ത്യയോളം പ്രായമുണ്ട്. കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിട്ടും ആ അധികാരങ്ങൾ എടുത്തുകളഞ്ഞിട്ടും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിട്ടുമൊന്നും മേഖലയിലെ ഭീകരപ്രവർത്തനങ്ങൾക്ക് ശമനമായിട്ടില്ല. ഇന്ത്യൻ സൈനികരെ കല്ലെറിയുന്ന പ്രദേശവാസികളിൽ നിന്നും ഇന്ത്യൻ യൂണിയനൊപ്പം നിൽക്കാൻ തയ്യാറാകുന്ന ആളുകളടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ, സാംസ്കാരിക അധിനിവേശത്തിലൂടെ കശ്മീരി പണ്ഡിറ്റുകളെ ആ താഴ്വരയിൽ നിന്നും തുരത്തി എന്നത് കേരളം ചർച്ച ചെയ്യപ്പെടാൻ ആ​ഗ്രഹിക്കാത്ത വസ്തുതയാണ്. 

എന്താണ് കശ്മീരിലെ യഥാർത്ഥ പ്രശ്നം? 

മതം തന്നെയാണ് കശ്മീരിലെ യഥാർത്ഥ പ്രശ്നം. മതാടിസ്ഥാനത്തിൽ രൂപം കൊണ്ട പാകിസ്ഥാന്റെ ഭാ​ഗമാണ് കശ്മീർ എന്ന് പാകിസ്ഥാൻ വിശ്വസിക്കുന്നു. പാകിസ്ഥാൻ കയ്യടക്കിവെച്ചിരിക്കുന്ന കശ്മീരിന്റെ ഭാ​ഗത്തെ അവർ അതുകൊണ്ടാണ് ആസാദ് കശ്മീർ എന്ന് വിളിക്കുന്നതും. ഇന്ത്യൻ യൂണിയന്റെ ഭാ​ഗമായി നിൽക്കുന്ന കശ്മീർ മലനിരകളും താഴ്വരകളും പിടിച്ചെടുത്ത് മതരാഷ്ട്രം സ്ഥാപിക്കാനുള്ള ജിഹാദാണ് ഇന്ന് അവിടെ നടക്കുന്ന അരുംകൊലകളുടെ പിന്നിലെ ലക്ഷ്യം. ഈ ജി​ഹാദിന് ആളും അർത്ഥവും നൽകുന്നത് പാകിസ്ഥാനാണ്.

പാകിസ്ഥാന് കശ്മീരിലുള്ള താത്പര്യം

രാഷ്ട്രീയവും മതപരവും സാമ്പത്തികവും സൈനികവുമായി നിരവധി താത്പര്യങ്ങളാണ് പാകിസ്ഥാന് ജമ്മു കശ്മീരിനോടുള്ളത്. ജമ്മു കശ്മീരിലെ ഭൂരിപക്ഷമുള്ള മുസ്ലീം ജനസംഖ്യയെ മതരാഷ്ട്രത്തിന്റെ ഭാ​ഗമാക്കുക എന്നതാണ് മതതാത്പര്യം. കശ്മീരിലെ ജി​​ഹാദ് പാകിസ്ഥാനിലെ ഭരണകൂടങ്ങളുടെ നിലനിൽപ്പിന്റെ ഭാ​ഗം കൂടിയാണ്. അവരുടെ ആഭ്യന്തര വൈകാരിക വിഷയം കൂടിയാണത്. തലയുയർത്തി നിൽക്കുന്ന മലനിരകൾ തങ്ങളുടെ സ്വന്തമായാൽ ഇന്ത്യയെ ആക്രമിക്കാനുള്ള തന്ത്രപ്രധാന ഭൂപ്രദേശങ്ങളാണ് തങ്ങൾ സ്വന്തമാക്കുന്നത് എന്ന സൈനിക താത്പര്യവും കശ്മീരിൽ പാകിസ്ഥാനുണ്ട്. കശ്മീരിലെ ടൂറിസവും കൃഷിയും പാകിസ്ഥാൻ കണ്ണുവെക്കുന്ന സാമ്പത്തിക ഘടകങ്ങളാണ്.

കശ്മീരിൽ സാംസ്കാരിക വൈവിധ്യം പുനസ്ഥാപിക്കുക

മതരാഷ്ട്രത്തിൽ താമസിക്കേണ്ടവർ പാകിസ്ഥാനിലേക്ക് പോകട്ടേ എന്ന ലൈൻ തന്നെയാണ് ഇന്ത്യയിൽ സമാധാനം പുലരാൻ സ്വീകരിക്കേണ്ട നയം. ഇന്ത്യയിൽ മതരാഷ്ട്ര സ്ഥാപനത്തിനായി നടക്കുന്ന ജി​ഹാദിൽ ജീവൻ പൊലിയുന്നത് നിരപരാധികളുടേതാണ്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാംസ്കാരിക പൈതൃകം കൊണ്ടും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരിൽ സാംസ്കാരിക വൈവിധ്യം നടപ്പാക്കുക എന്നത് മാത്രമാണ് കശ്മീരിൽ സമാധാനം പുലരാനുള്ള ഏക മാർ​ഗം.

കശ്മീരിൽ ഭീകരരുടെയോ പാകിസ്ഥാൻ സൈന്യത്തിന്റെയോ ആക്രമണത്തിന് വിധേയരായി മരിക്കുന്നവരുടെ ആശ്രിതർക്ക് കശ്മീരിൽ ഭൂമിയും വീടും നൽകാൻ സർക്കാർ തയ്യാറാകണം. സൈനികരും സാധാരണക്കാരുമായി മതരാഷ്ട്രവാദത്തിന് ഇരകളാകേണ്ടി വരുന്നവരുടെ കുടുംബങ്ങളെ കശ്മീരിൽ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന് കഴിയണം. അങ്ങനെ വന്നാൽ, കശ്മീരിൽ മറ്റ് മതവിഭാ​ഗങ്ങളുടെ സാന്നിധ്യം കൂടും. അത് ഇഷ്ടപ്പെടാത്തവരാണ് പാകിസ്ഥാനും ജിഹാദികളും. സ്വാഭാവികമായും മറ്റു മതസ്ഥരെ കൊന്നു തള്ളുന്ന പ്രവണത ഇരുകൂട്ടരും ഉപേക്ഷിക്കുകയും ചെയ്യും. 

പലായനം ചെയ്തവരെയും കശ്മീരിൽ പുനരധിവസിപ്പിക്കണം

കശ്മീരി പണ്ഡിറ്റുകൾ ലോകം മറന്ന അഭയാർത്ഥികളാണ്. കേരളം ഒരിക്കൽ പോലും ചർച്ച ചെയ്യാൻ തയ്യാറാകാത്ത ജനവിഭാ​ഗം. 1989 ൽ കശ്മീരിൽ നുഴഞ്ഞു കയറ്റം ആരംഭിച്ചത് മുതൽ പതിനായിരക്കണക്കിന് കശ്‌മീരി പണ്ഡിറ്റുകഴാണ് കശ്മീരിൽ നിന്നും പലായനം ചെയ്തത്. 1997ലെ ജമ്മു കശ്‌മീർ സ്ഥാവര ജംഗമ നിയമം ഇവരെ കുടിയേറ്റക്കാരെന്നാണ് നിർവചിച്ചത്. 62,000 കുടുംബങ്ങൾ അവരുടെ വീടുകൾ ഉപേക്ഷിച്ച് താഴ്‌വര വിട്ട് പോയെന്നാണ് ഔദ്യോഗിക രേഖകൾ. ഇവരിൽ 40,000 പേർ ജമ്മുവിൽ ജീവിക്കുന്നു. 20,000 പേർ ന്യൂഡൽഹിയിലും. രാജ്യത്തിന്റെ മറ്റു ഭാ​ഗങ്ങളിലും സ്വസ്ഥജീവിതം പ്രതീക്ഷിച്ച് കശ്മീരി പണ്ഡിറ്റുകളുണ്ട്.

1989 മുതൽ 219 കശ്‌മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ കൊല്ലപ്പെട്ടതായി 2010 ൽ ജമ്മു കശ്‌മീർ നിയമസഭയിൽ വച്ച രേഖകൾ വ്യക്തമാക്കുന്നു. 1989 നവംബർ നാലിന് കൊല്ലപ്പെട്ട, ജമ്മുകശ്‌മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) സ്ഥാപകൻ മഖ്ബൂൽ ഭട്ടിനെ വധശിക്ഷയ്ക്ക് വിധിച്ച വിരമിച്ച ജില്ലാ -സെഷൻസ് ജഡ്‌ജി നീൽകാന്ത് ഗഞ്ചു അടക്കമുള്ളവരാണ് കശ്മീരിൽ രക്തംചിന്തിയ കശ്മീരി പണ്ഡിറ്റുകൾ. ഈ മണ്ണിൽ നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളിൽ കുറച്ചുപേരെ തിരികെയെത്തിച്ച് പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിട്ടിരുന്നു. കുറച്ചുപേരല്ല, മുഴുവൻ കശ്മീരി പണ്ഡിറ്റുകളെയും തിരികെ കശ്മീരിലെത്തിച്ച് പുനരധിവസിപ്പിക്കുകയും അവർക്ക് സാംസ്കാരിവും രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷ കേന്ദ്ര സർക്കാരും സൈന്യവും  ഉറപ്പാക്കുകയും വേണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img