09:27am 14 August 2026
NEWS
കൃഷിഭൂമി പുരയിടമാക്കി നൽകാൻ 10 ലക്ഷം രൂപ കൈക്കൂലി; തഹസിൽദാർ അറസ്റ്റിൽ
14/08/2026  06:07 AM IST
nila
കൃഷിഭൂമി പുരയിടമാക്കി നൽകാൻ 10 ലക്ഷം രൂപ കൈക്കൂലി; തഹസിൽദാർ അറസ്റ്റിൽ

കൊച്ചി: ഭൂമി ഇടപാടിൽ അനുകൂല രേഖകൾ നൽകുന്നതിനായി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. കടവന്ത്രയിൽ വച്ചാണ് വിജിലൻസ് എറണാകുളം യൂണിറ്റ് തഹസിൽദാറെ പിടികൂടിയത്. ഇയാൾക്കായി ഇടനിലക്കാരായി പ്രവർത്തിച്ച ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരും അറസ്റ്റിലായി.

എളമക്കര സ്വദേശിയുടെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നേരത്തേ പുരയിടമെന്ന നിലയിൽ കരം അടച്ചിരുന്ന ഭൂമി വിൽക്കുന്നതിനിടെയാണ് രേഖകളിൽ ഇത് കൃഷിഭൂമിയാണെന്ന് കണ്ടെത്തിയത്. കൃഷിഭൂമി മണ്ണിട്ട് നികത്തിയെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി തഹസിൽദാറുടെ സഹായിയെ ഉപയോഗിച്ച് പരാതി നൽകുകയായിരുന്നു.

തുടർന്ന് പ്രശ്നം പരിഹരിക്കാനായി സ്ഥലം ഉടമ തഹസിൽദാറെ സമീപിച്ചു. പരാതിക്കാരനുമായി ഒത്തുതീർപ്പുണ്ടാക്കാനും ഭൂമി പുരയിടമാക്കി രേഖകൾ നൽകാനും 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടെന്നാണ് വിജിലൻസ് പറയുന്നത്.

ആവശ്യപ്പെട്ട തുകയിൽ രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കായുമാണ് നൽകിയത്. പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് തഹസിൽദാറെയും ഏജന്റുമാരെയും പിടികൂടിയത്.

കൈക്കൂലി ഇടപാടിൽ മറ്റ് റവന്യൂ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നതടക്കം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img