
കർണാടകം : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരെയുള്ള മുഡ കേസ് മുറുകുമ്പോൾ കേന്ദ്രമന്ത്രിയും ജെഡിഎസ്സ് നേതാവുമായ കുമാരസ്വാമി പ്രതിയായ ഭൂമി കയ്യേറ്റക്കേസിന്റെ അന്വേഷണം ശക്തിപ്പെടുത്തി തിരിച്ചടിക്കുകയാണ് കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റ്. മന്ധ്യ മുൻ എം പി മാഡെഗൗഡ കുമാരസ്വാമിയ്ക്കെതിരെ ലോകായുക്തയിൽ ഒരു പരാതി നൽകിയിരുന്നു. രാമനഗര ജില്ലയിലെ കെദഗനഹള്ളി ഗ്രാമത്തിൽ 14.05 ഏക്ര സർക്കാർ ഭൂമി കുമാരസ്വാമി കയ്യേറി തട്ടിയെടുത്തു എന്നാണ് കേസ്. ഹൈക്കോടതിയിൽ ഈ കേസ് എത്തിയപ്പോൾ വിശദമായ അന്വേഷണത്തിനായി എസ് ഐ ടി നിയോഗിക്കുമെന്ന് കഴിഞ്ഞ നവംബറിൽ കർണാടകം സത്യവാങ്മൂലം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ബംഗളുരു റീജിന്യൽ കമ്മീഷണർ അംലൻ ആദിത്യ ബിസ്വാസ് തലവനായി അഞ്ച് അംഗ എസ് ഐ ടി രൂപീകരിച്ചിരിക്കുകയാണ് ഗവണ്മെന്റ്. "ഹൈക്കോടതിയിൽ നിന്ന് കർശന നിർദ്ദേശമുള്ളതിനാലാണ് ഞങ്ങൾ ഹൈപവർ എസ് ഐ ടി രൂപീകരിച്ചത്. സത്യവാങ് മൂലം സമർപ്പിക്കാൻ മൂന്നുമാസത്തെ സാവകാശം അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി അത് അംഗീകരിച്ചില്ല" റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വെളിപ്പെടുത്തി. എല്ലാ രേഖകളും പരിശോധിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ എസ് ഐ ടി യ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും മുഖ്യ രാഷ്ട്രീയ പ്രതിയോഗിയാണ് കുമാരസ്വാമി. മുഡ കേസ് ചൂടുപിടിപ്പിച്ചതിൽ കുമാരസ്വാമിയ്ക്ക് പങ്കില്ലെങ്കിലും അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കാനാണ് സിദ്ധരാമയ്യ ഗവണ്മെന്റ് ശ്രമിക്കുന്നത്. മറ്റൊരു അഴിമതി ക്കേസിൽ കുമാരസ്വാമിയ്ക്കെതിരെ സുപ്രീംകോടതിയിൽ നിന്ന് ഇന്നലെ പ്രതികൂല പരാമർശമുണ്ടായിട്ടുണ്ട്.
Photo Courtesy - Google











