
തിരുവനന്തപുരം: സംസ്ഥാന റവന്യൂ വകുപ്പിലെ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട വൻ അഴിമതി സൂചനകൾക്ക് പിന്നാലെ അന്വേഷണം ശക്തമാക്കി വിജിലൻസ്. വിവിധ റവന്യൂ ഓഫീസുകളിൽ നടത്തിയ പരിശോധനകളിൽ കുടുങ്ങിയ ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഈ ഉദ്യോഗസ്ഥർ നടത്തിയ പണം കൈമാറ്റത്തിന്റെ മുഴുവൻ വിവരങ്ങളും വിജിലൻസ് നിരീക്ഷണത്തിലാണ്. ഇടനിലക്കാരുമായും ബന്ധുക്കളുമായും ഇവർ നടത്തിയ ഗൂഗിൾ പേ ഇടപാടുകൾ ഉൾപ്പെടെയാണ് പരിശോധിക്കുന്നത്.
മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ തരംമാറ്റലുമായി ബന്ധപ്പെട്ട ഏജൻസിയിൽ നിന്ന് 4.59 ലക്ഷം രൂപ ഗൂഗിൾ പേ വഴി സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതേ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ 1.69 ലക്ഷം രൂപയുടെ ഇടപാടിലും സംശയം നിലനിൽക്കുന്നു. മലപ്പുറത്ത് അപേക്ഷ നിരസിച്ചതിനുശേഷം വസ്തു മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത്, ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തരംമാറ്റം നേടിയത് തെളിഞ്ഞു. തളിപ്പറമ്പ് ആർഡിഒ ഓഫീസിൽ കൃഷിഓഫീസറുടെ റിപ്പോർട്ടില്ലാതെ ഭൂമി ഡാറ്റാബാങ്കിൽനിന്ന് ഒഴിവാക്കിയ കേസും കണ്ടെത്തിയിട്ടുണ്ട്.
‘ഓപ്പറേഷൻ ഹരിതകവചം’ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേടുകൾ പുറത്ത് വന്നത്. നെൽവയൽ–തണ്ണീർത്തട സംരക്ഷണനിയമം മറികടന്ന് ഡാറ്റാബാങ്കിൽനിന്ന് ഭൂമികളെ അനധികൃതമായി ഒഴിവാക്കിയെന്നതാണ് പ്രധാനമായും കണ്ടെത്തിയത്. പല ജില്ലകളിലും വർഷങ്ങളായി തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന അപേക്ഷകൾ വിജിലൻസ് പുതിയ സംശയപ്പട്ടികയിലുണ്ട്. ഉപഗ്രഹചിത്രങ്ങൾ ഉൾപ്പെടെ റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ സഹായത്തോടെ കേസുകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം.











