12:33am 30 April 2026
NEWS
ഏറോസ്പേസ് പാർക്കിന് ഭൂമിയേറ്റെടുക്കൽ: കർഷക പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു
04/07/2025  11:11 AM IST
വിഷ്ണുമംഗലം കുമാർ
ഏറോസ്പേസ് പാർക്കിന് ഭൂമിയേറ്റെടുക്കൽ: കർഷക പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു

ബംഗളുരു: ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശങ്ങൾ ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഗവണ്മെന്റ് പദ്ധതികൾക്ക് പിന്നാലെ സ്വകാര്യ സംരംഭകരും കടന്നുവന്നാണ് ഗ്രാമങ്ങളെ വിഴുങ്ങുന്നത്. ചെറിയ പദ്ധതികളാണെങ്കിൽ ഈ പരിണാമ പ്രക്രിയ അത്ര പെട്ടെന്ന് തിരിച്ചറിയാനാവില്ല. വർഷങ്ങൾ കടന്നുപോകുമ്പോഴാണ് ഗ്രാമങ്ങൾ ഇല്ലാതായെന്നും നഗരസംസ്കാരം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞെന്നുമുള്ള യാഥാർഥ്യം ബോധ്യപ്പെടുക.    വ്യാവസായിക വികസനത്തെ അതിരുവിട്ട് പ്രോത്സാഹിപ്പിക്കുന്ന നയമാണ് ആഗോളവൽക്കരണത്തിന് ശേഷം കക്ഷിഭേദമന്യേ നമ്മുടെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ പിൻതുടരുന്നത്. വികസനത്തിന്റെ മറവിൽ, കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കിടയിൽ നിരവധി ഗ്രാമങ്ങൾ ബംഗളുരു നഗരം വിഴുങ്ങിയിട്ടുണ്ട്. തുണ്ടു കൃഷിഭൂമികളും കൊച്ചുവീടുകളുമായി കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും ആ ഗ്രാമങ്ങളിൽ ജീവിച്ചിരുന്ന അനേകം ഗ്രാമീണർ എങ്ങോട്ടുപോയി എന്നന്വേഷിക്കുമ്പോൾ വേദനിപ്പിക്കുന്ന പലായന കഥകളാണ് കേൾക്കാൻ കഴിയുക. വളരെ ചെറിയൊരു വിഭാഗം ഗ്രാമീണർ മാത്രമെ നഗരസംസ്കാരത്തിന്റെ ഭാഗമായി അതിന്റെ അടിത്തട്ടിൽ ഒതുങ്ങുന്നുള്ളൂ. ബാക്കിയുള്ളവർ ഭൂമിയ്ക്ക് പകരം കിട്ടിയ കാശുമായി ഉൾഗ്രാമങ്ങളിലേക്ക് ഊളിയിടുകയാണ് ചെയ്യുന്നത്. വൻകിട പദ്ധതികൾക്ക് നൂറുകണക്കിന് ഏക്ര ഭൂമി ഒന്നിച്ചേറ്റെടുക്കാൻ ഗവണ്മെന്റ് നീക്കം നടത്തുമ്പോഴാണ് പ്രതിഷേധം അണപൊട്ടുക. നഷ്ടപരിഹാരത്തുക വർധിപ്പിച്ചതുകൊണ്ടുമാത്രം മണ്ണിനെ സ്നേഹിക്കുന്ന, മണ്ണിൽ പണിയെടുക്കുന്ന ഗ്രാമീണർ വഴങ്ങണമെന്നില്ല. അത്തരം അതിശക്തമായ ഒരു ചെറുത്തുനിൽപ്പിന്റെ കഥയാണ് നഗരത്തിന് സമീപമുള്ള ദേവനഹള്ളിയിലെ ചന്നരായപട്ടണയ്ക്ക് പറയാനുള്ളത്. ഏറോസ്പേസ് പാർക്കി പദ്ധതിയ്ക്കായാണ് ചന്നരായപട്ടണ താലൂക്കിലെ പതിമൂന്ന് ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1777 ഏക്ര ഭൂമി ഏറ്റെടുക്കാൻ ഗവണ്മെന്റ് തീരുമാനിച്ചത്. കഴിഞ്ഞ ഗവണ്മെന്റിന്റെ അവസാന വർഷമാണ് പ്രഖ്യാപനം വന്നത്. ഗ്രാമീണർ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചതിനാൽ പദ്ധതി പുനപരിശോധിക്കാമെന്ന് അന്നത്തെ ഗവണ്മെന്റ് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് അധികാരത്തിൽ വന്ന സിദ്ധരാമയ്യ ഗവണ്മെന്റ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചത്. ഇത് പ്രതിഷേധം ശക്തിപ്പെടാനിടയാക്കി. ഗ്രാമീണർ പ്രതിഷേധസമരം ബംഗളുരുവിലെ ഫ്രീഡം പാർക്കിലേക്കും വ്യാപിപ്പിച്ചു. സംയുക്ത കിസാൻമോർച്ചയും പരിസ്ഥിതിസ്നേഹികളും സാമൂഹ്യപ്രവർത്തകരും എഴുത്തുകാരുമൊക്കെ  പിന്തുണ പ്രഖ്യാപിച്ചതോടെ ദേവനഹള്ളിയിലെ കർഷക പ്രക്ഷോഭം ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് കർഷകനേതാക്കളെ കാണുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img