മകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

പട്‌ന: മകൻ തേജ് പ്രതാപിനെ കുടുംബത്തിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. തങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി മകന്റെ പ്രവൃത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും ചേർന്നു പോകുന്നതല്ലെന്നും ലാലു പ്രസാദ് യാദവ് ചൂണ്ടിക്കാട്ടുന്നു. ഇനിമേൽ തേജ് പ്രതാപിന് പാർട്ടിയിലോ കുടുംബത്തിലോ യാതൊരു ചുമതലയും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴു വർഷം മുമ്പ് വിവാഹിതനായ തേജ് പ്രതാപ്, 12 വർഷമായി താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ലാലു പ്രസാദ് യാദവ് മകനുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുന്നത്.
തേജ് പ്രതാപിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് 12 കൊല്ലമായി താൻ പ്രണയത്തിലാണെന്ന വെളിപ്പെടുത്തൽ പ്രത്യക്ഷപ്പെട്ടത്. ഈ കുറിപ്പ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഒരു യുവതിക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു കുറിപ്പ്. പിന്നാലെ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് തേജ് പ്രതാപ് രംഗത്തെത്തി. പിന്നീട് കുറിപ്പ് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലാലു പ്രസാദിന്റെ നടപടി.
ബിഹാർ മുൻമുഖ്യമന്ത്രി ദരോഗ റായിയുടെ കൊച്ചുമകൾ ഐശ്വര്യ റായിയുമായി 2018-ലായിരുന്നു തേജ് പ്രതാപിന്റെ വിവാഹം. എന്നാൽ കുറച്ചുമാസങ്ങൾക്കകം ബന്ധത്തിൽ പ്രശ്‌നങ്ങൾ രൂപംകൊണ്ടു. ഐശ്വര്യ, സ്വന്തം വീട്ടിലേക്ക് മടങ്ങി. തേജ് പ്രതാപും കുടുംബവും മോശമായി പെരുമാറുന്നു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഐശ്വര്യ-തേജ് പ്രതാപ് ബന്ധത്തിലെ വിള്ളൽ ആർജെഡിയിലും പ്രതിഫലിച്ചു. ഐശ്വര്യയുടെ പിതാവും മുൻമന്ത്രിയുമായ ചന്ദ്രികാ റോയ് പാർട്ടി വിട്ടു. മകൾക്കുവേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ നടപടി. ഇപ്പോഴും തേജ് പ്രതാപ്- ഐശ്വര്യ വിവാഹമോചനക്കേസ് കുടുംബകോടതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇരുകൂട്ടരും പരസ്പരം ആരോപണം ഉന്നയിക്കുന്നത് തുടരുകയുമാണ്.











