
തൃശൂർ: തൃശൂരിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്ത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന കൗൺസിലർ ലാലി ജയിംസാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. മേയർ പദവി പണം വാങ്ങി കൈമാറിയെന്നാണ് ലാലി ആരോപിക്കുന്നത്. പ്രധാനമായും ജില്ലയിലെ പാർട്ടി നേതൃത്വത്തെയും യുഡിഎഫ് മേയർ സ്ഥാനാർഥിയായ ഡോ. നിജി ജസ്റ്റിനെയും ലക്ഷ്യമിട്ടുള്ളതാണ് ലാലിയുടെ ആരോപണങ്ങൾ.
പണം നൽകാതിരുന്നതിനാലാണ് കോൺഗ്രസ് നേതൃത്വം തനിക്ക് മേയർ സ്ഥാനം നൽകാതിരുന്നത് എന്നാണ് ലാലി ജയിംസിന്റെ ആരോപണം. നിജി പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞെന്നുമാണ് ലാലി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. രണ്ടു ദിവസം മുൻപാണ് ഇടപാടുകൾ നടന്നതെന്നും അവർ ആരോപിച്ചു.
കോൺഗ്രസ് വിജയിച്ച കൗൺസിലർമാരിൽ ഭൂരിഭാഗവും മേയർ സ്ഥാനത്തേക്ക് തന്റെ പേരാണ് മുന്നോട്ടുവെച്ചതെന്ന് ലാലി പറഞ്ഞു. എന്നാൽ, മേയർ പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഒരു മുതിർന്ന നേതാവിനെ സമീപിച്ചതെന്നും, അവിടെ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും അവർ വ്യക്തമാക്കി. ആദ്യ ഒരു വർഷത്തെ കാലാവധി തനിക്ക് നൽകിയാൽ മതിയെന്ന നിർദ്ദേശം ജില്ലാ നേതൃത്വത്തിന് മുന്നിൽ വെച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ലെന്നും ലാലി ആരോപിച്ചു.
ഇന്നത്തെ മേയർ തിരഞ്ഞെടുപ്പിനായി ഇതുവരെ പാർട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്നും, എങ്കിലും താൻ കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്നും ലാലി ജയിംസ് വ്യക്തമാക്കി. നാല് തവണ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മേയർ സ്ഥാനത്തേക്ക് പരിഗണന ലഭിക്കാത്തതിലുള്ള അസംതൃപ്തിയാണ് അവർ തുറന്നു പറഞ്ഞത്.
അതേസമയം, പാർട്ടി ഏൽപ്പിച്ച ചുമതല ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്ന് നിയുക്ത മേയർ ഡോ. നിജി ജസ്റ്റിൻ പ്രതികരിച്ചു. ലാലി ജയിംസ് ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസ് ജില്ലാ നേതൃത്വം പൂർണമായും നിഷേധിച്ചു.











