അധികപ്രസംഗി

മോൺസ്റ്റർ, ദാവീദ്, ഫീനിക്‌സ് തുടങ്ങി, 20-ഓളം
സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കുട്ടിത്താരം
ജെസ് സ്വീജന്റെ കുസൃതികളുമായി അൽപ്പനേരം....
ജെസ് എത്രാം ക്ലാസിലാ പഠിക്കുന്നെ?
ഞാൻ ഇപ്പോ, കാക്കനാട് മാർത്തോമാ പബ്ലിക് സ്‌ക്കൂളിൽ 4 ആം ക്ലാസിൽ പഠിക്കുവാ.
സിനിമയിലേക്ക് എങ്ങനെയാവന്നത്? സിനിമാനടി ആവണം എന്ന് ആഗ്രഹം ഉണ്ടായിരുന്നോ ?
സിനിമയിൽ വരുമ്പോൾ ഞാൻ കുഞ്ഞായിരുന്നില്ല. ഇപ്പോഴത്തെപോലെ വലുതായിരുന്നില്ലല്ലോ. രണ്ടര വയസ്സുള്ളപ്പോൾ ഒരു പരസ്യം ചെയ്തിരുന്നു.അതുകഴിഞ്ഞ് സിനിമയുടെ ഓഡിഷന് പോയി. അതിൽ അവർ പറഞ്ഞപോലെ ഒക്കെ ഞാൻ ചെയ്തു. അങ്ങനെ ആദ്യസിനിമ അന്വേഷണം ആയിരുന്നു. അതിൽ ജയസൂര്യ അങ്കിളിന്റെ മകൾ ആയിട്ടായിരുന്നു.
ജയസൂര്യ അങ്കിൾ ആയിട്ട് വീണ്ടും തൃശൂർ പൂരം സിനിമ ചെയ്തില്ലേ? അപ്പോൾ എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയെൻസ് ?
ജയസൂര്യ അങ്കിൾ എന്റെ ഫ്രണ്ടാ.. ലൊക്കേഷനിൽ ഞങ്ങൾ നല്ല കൂട്ടായിരുന്നു. എനിക്ക് ഐസ്‌ക്രീം, ചോക്ലേറ്റ് ഒക്കെ വാങ്ങിത്തരും. എന്നെ ഷൂട്ട് കഴിഞ്ഞു വിളിച്ചിട്ടുണ്ട്. അങ്കിളിന്റെ വീട്ടിൽ പോയിട്ടുണ്ട് ഞാൻ. അങ്കിൾ സൂപ്പറാ..
വേറെ ഏതൊക്കെ പടങ്ങൾ അഭിനയിച്ചു?
മ്... നൈറ്റ് ഡ്രൈവ്, വാലാട്ടി, മോൺസ്റ്റർ, ഐ സി യു, ടർബോ, ഉള്ളൊഴുക്ക്, നടന്ന സംഭവം, പാൽത്തുജാൻവർ, ഒരു തമിഴ് സിനിമ, ദാവീദ്... അങ്ങനെ അങ്ങനെ.. കുറച്ചുണ്ട്.
സ്‌ക്കൂളിലെ താരം ആണോ? സെറ്റിലെ വിശേഷം ഒക്കെ സ്‌ക്കൂളിൽ പോയി പറയാറുണ്ടോ?
എനിക്ക് സെറ്റിനെക്കാളും സ്‌ക്കൂളിൽ പോകാനാ ഇഷ്ടം. അവിടെ അല്ലെ കൂട്ടുകാർ ഉള്ളത്. അവരോട് സെറ്റിലെ കഥ ഒക്കെ പറയും. പക്ഷേ, താരം ഒന്നുമല്ല. അവർക്ക് ഞാൻ ഫ്രണ്ടാ.. എനിക്ക് അവരും..
സ്‌ക്കൂളും ബിസ്സിഷൂട്ടും ഒക്കെ എങ്ങനെ അഡ്ജസ്റ്റ് ചെയ്യും?
ഏത് ഷൂട്ടിന് പോയാലും എക്‌സാം വരുമ്പോൾ പഠിക്കും. മാർക്ക് ഉണ്ടാവാറുണ്ട്. ചിലപ്പോ, ഷൂട്ടിന്റെ ഇടയിൽ പഠിക്കും. ഹോം വർക്ക് ചെയ്യും. കൂട്ടുകാരുടെ കയ്യീന്ന് നോട്‌സ് വാങ്ങിച്ചിട്ട് ഫ്രീ ആകുമ്പോൾ എഴുതി എടുക്കും. അമ്മേടെ ഹാൻഡ് റൈറ്റിംഗ് ടീച്ചർ പിടിക്കും. അതുകൊണ്ട് ഞാൻതന്നെ എല്ലാം എഴുതണം. അതാണ് പ്രശ്‌നം.
മോൺസ്റ്ററിൽ ലാലേട്ടനോടൊപ്പം ഒക്കെ അഭിനയിച്ചല്ലോ? എങ്ങനുണ്ടായിരുന്നു?
ലാലേട്ടൻ വലിയ ആർട്ടിസ്റ്റ് ആണെന്ന് എനിക്ക് അറിയായിരുന്നു. സിനിമയൊക്കെ കണ്ടിട്ടുണ്ട് ഞാൻ. നേരിട്ട് കണ്ടപ്പോ ഭയങ്കര കൂട്ടായിരുന്നു. സെറ്റിൽ വച്ച്, നല്ല ഫ്രണ്ട്‌സ് ആയിരുന്നു. എന്നെ ലാലേട്ടൻ അന്ന് അധികപ്രസംഗി എന്നാ വിളിച്ചോണ്ട് ഇരുന്നേ.. അന്ന് കേട്ടപ്പോൾ ഞാൻ കരുതി നല്ല പേരായിരിക്കും. വലിയ പേരാണല്ലോ എന്ന്. ഇപ്പോ ഞാൻ വലുതായില്ലേ.. ഇപ്പോ എനിക്ക് മനസ്സിലായി അതെന്താ വിളിച്ചെന്ന് അന്ന് ഞാൻ കുറെ സംസാരിക്കുവായിരുന്നു.
സ്‌ക്കൂളിലെ ടീച്ചേഴ്‌സൊക്കെ ഫാൻസ് ആണോ?
ടീച്ചേർസ് നല്ല സപ്പോർട്ട് ആണ്. മോൺസ്റ്റർ ഒക്കെ കണ്ടല്ലോ. എല്ലാരും ഹാപ്പി ആയിരുന്നു. വലുതാകുമ്പോൾ വലിയ ആളാകുമ്പോൾ ടീച്ചേഴ്‌സിനെ മറക്കല്ലേ എന്നാ പറയ്യാ. മറന്നാൽ.. 5 മാർക്ക് കുറച്ചുകളയും എന്നൊക്കെ പറയും.
വലുതാകുമ്പോൾ ആരാകണം എന്നാണ് ആഗ്രഹം?
അത് ഞാൻ തീരുമാനിച്ചിട്ടില്ല. കുറെ ഓപ്ഷൻ ഇല്ലെ. പക്ഷേ, എനിക്ക് കൊറിയയിൽ പോണം. എന്നിട്ട് കൊറിയയിൽ ആക്ടർ ആകണം. മലയാളത്തിലും ആക്ടർ ആകണം. മോഹൻലാലിന്റെ ഒക്കെ നായിക ആവണം.
ഇവിടെ ഏത് ആക്ടറിന്റെ നായിക ആവണം എന്നാ ആഗ്രഹം?
മോഹൻലാൽ, മെയിൻ ആയിട്ട് വിജയ് സാർ, ഷാരൂഖ് ഖാൻ. ഞാൻ വലുതാകുമ്പോൾ വിജയ് സാർ പൊളിറ്റിക്‌സിൽ ആയിരിക്കും. എന്നാലും കൊഴപ്പം ഇല്ല. എപ്പോഴെങ്കിലും അഭിനയിക്കണം. പിന്നെ രൺവീർസിംഗ്....
ഏത് നടിയെപ്പോലെ ആവണം എന്നാ ആഗ്രഹം?
നയൻതാര. നയൻതാരയെ എനിക്ക് ഭയങ്കര ഭയങ്കര ഇഷ്ടാ. എന്ത് ഭംഗിയാ കാണാൻ. ചിരിക്കും, പിന്നെ പെട്ടെന്ന് കരയും. എന്നെങ്കിലും കാണാൻ പറ്റിയാൽ എങ്ങനെ ഇങ്ങനെ അഭിനയിക്കണേ, എങ്ങനെ പെട്ടെന്ന് കരയണേ എന്ന് ചോദിക്കും.
വീട്ടിൽ അമ്മയെ ആണോ, അച്ഛനെ ആണോ ഇഷ്ടം?
അയ്യോ.. ടഫ് ആയിപ്പോയി ഇത്. മ്.. എന്നെ രണ്ടുപേരും സപ്പോർട്ട് ചെയ്യും. പക്ഷേ എനിക്ക് അമ്മ ഫെമി ഗിഫ്റ്റ് വാങ്ങി തരുമ്പോ ഫെമിയെ ഇഷ്ടാ. അച്ഛൻ സ്വീജൻ ഗിഫ്റ്റ് മേടിച്ച് തരുമ്പോൾ. സ്വീജനെ ഇഷ്ടാ.
ഒരു ചേച്ചി ഉണ്ടല്ലോ.. ജോ ആൻ. ചേച്ചി ആയിട്ട് കൂട്ടാണോ?
മ്മ്ഹ്.. ചേച്ചി അല്ല... ഞാൻ അവളുടെ ചേച്ചി ആണെന്ന് പറയാനാ ഇഷ്ടം. ചേച്ചി ആയിട്ട് എപ്പോഴും അടിപിടിക്കും. പ്രത്യേകിച്ച് റിമോട്ടിന്. തല്ലുകൂടും. എനിക്ക് ദേഷ്യം വരും. അപ്പോ ഞാൻ ചോദിക്കും 'ഞാൻ അല്ലെ ഫേമസ്, ഞാൻ അല്ലെ സ്റ്റാർ. എനിക്ക് അല്ലെ റിമോട്ട് തരേണ്ടത് എന്ന്.' ചേച്ചി എന്റൈ സിനിമ ഒക്കെ കണ്ടിട്ട് സപ്പോർട്ട് ചെയ്യുമ്പോൾ ചേച്ചിയെ ഇഷ്ടാ.. റിമോട്ടിൻ തല്ല് കൂടുമ്പോൾ എനിക്ക് ദേഷ്യം ആണ്. But I Know, 'i am smarter than my sister''
ടർബോയിൽ മമ്മുക്കയോടൊപ്പം വർക്ക് ചെയ്തിട്ട് എങ്ങനെ ഉണ്ടായിരുന്നു?
മമ്മൂട്ടി അങ്കിൾ ആയിട്ട് ആദ്യം കണ്ണൂർസ്‌ക്വാഡിൽ മകളായിട്ട് ഞാൻ ചെയ്യേണ്ടതായിരുന്നു. പക്ഷേ, ആ ക്യാരക്ടർ എങ്ങനെയോ പോയി. പിന്നെ അതിൽ റോണി ഡേവിഡ് അങ്കിളിന്റെ മകൾ ആയിട്ട് ചേച്ചി ജോ ആൻ ചെയ്തു. കണ്ണൂർ സ്‌ക്വാഡ് ചെയ്യാൻ പറ്റാത്തതിന്റെ വിഷമം തീർന്നത് ടർബോ ചെയ്തപ്പോഴാണ്.
ഇപ്പോ പുതിയ വിശേഷം ദാവീദ് ആണല്ലോ? എങ്ങനെയുണ്ടായിരുന്നു പെപ്പെ?
ദാവീദ് ആണ് എന്റെ ഫേവറൈറ്റ്. അതിന്റെ ട്രെയിലറിലെ ഡയലോഗ് ഒക്കെ കാണാതെ അറിയാം. അതിൽ പെപ്പയുടെ മകൾ ആയിട്ട് ആയിരുന്നു. സിനിമ റിലീസ് ആയപ്പോ ഒരുപാട് അപ്രീസിയേഷൻ കിട്ടി. കുറെ പേര് വിളിച്ചു. ടീച്ചേഴ്‌സിനും കൂട്ടുകാർക്കും ഇഷ്ടമായി. പെപ്പെ സൂപ്പർ ആയിരുന്നു. എനിക്ക് കുറെ ചോക്ലേറ്റ് തന്നു. പ്രൊമോഷന് ബിരിയാണി വാങ്ങി തരാന്ന് പറഞ്ഞിരുന്നു. പിന്നെ... മൊത്തത്തിൽ ദാവീദ് എനിക്ക് ഇഷ്ടായിരുന്നു.
എനിക്ക് ലൊക്കേഷനിൽ പ്രിൻസസ് ട്രീറ്റ്‌മെന്റ് ആയിരുന്നു. എപ്പോഴും എപ്പോഴും കഴിക്കാൻ വേണോ.. കുടിക്കാൻ വേണോ.. എന്നൊക്കെ വന്നുചോദിക്കും... അതുകൊണ്ട് എനിക്ക് ഇഷ്ടായി.
ഇനി വരാനുള്ള സിനിമകൾ ഏതൊക്കെ ആണ്?
പരസ്യം ഉണ്ട്. മധുരം ജീവാമൃതം. ഐ സി യു. പറന്ത് പോ എന്നൊരു തമിഴ് സിനിമ. അങ്ങനെ കുറച്ചുണ്ട്.
അപ്പോ ജെസ് പറഞ്ഞപോലെ വലുതാകുമ്പോൾ ലാലേട്ടന്റേം, ഷാരൂഖാന്റേം ഒക്കെ നായിക ആവട്ടെട്ടോ...
താങ്ക് യൂ...