
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് നിർധന രോഗികൾക്ക് ഏക ആശ്വാസമായിരുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളുടെ പ്രവർത്തനം പൂർണ്ണമായും താളംതെറ്റുന്നു. അവശ്യ ജീവൻരക്ഷാ മരുന്നുകൾ പോലുമില്ലാതെ ഫാർമസികൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല. മരുന്ന് വിതരണം ചെയ്ത വകയിൽ വിതരണക്കാർക്കും കമ്പനികൾക്കുമായി 82 കോടിയോളം രൂപയാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കുടിശ്ശിക വരുത്തിവെച്ചിരിക്കുന്നത്.
മരുന്ന് വാങ്ങി 90 ദിവസത്തിനകം തുക നൽകണമെന്നാണ് കരാറെങ്കിലും മാസങ്ങളായി പണം ലഭിക്കാതായതോടെ മരുന്ന് വിതരണം കമ്പനികൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. പ്രമുഖ മരുന്നു കമ്പനിയായ സൺഫാർമയ്‌ക്ക് മാത്രം 12 കോടി രൂപയോളം കോർപ്പറേഷൻ നൽകാനുണ്ട്. വിതരണം മുടങ്ങിയതോടെ സംസ്ഥാനത്തെ 60 കാരുണ്യ ഫാർമസികളും ഒരുപോലെ പ്രതിസന്ധിയിലായി.
കിട്ടാനില്ലാത്തത് ജീവൻരക്ഷാ മരുന്നുകൾ
കാർഡിയോളജി, കാൻസർ, അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ കഴിക്കേണ്ട മരുന്നുകൾ, ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയാണ് നിലവിൽ പൂർണ്ണമായും ലഭ്യമല്ലാതായിരിക്കുന്നത്.
കാൻസർ, ഫംഗസ് രോഗങ്ങൾ: കാൻസർ ചികിത്സയ്ക്കുള്ള ലെനാലിഡ്, പാക്ലിടാക്‌സെൽ, ലെട്രോനാറ്റ്, ലെൻവാറ്റ്, വെർസാവോ, തൈറോക്സ് എന്നിവയും ഫംഗസ് രോഗബാധയ്‌ക്കെതിരെയുള്ള കാസ്‌പോകോൺ മരുന്നുകളും പൂർണ്ണമായും നിലച്ചു.
അവയവം മാറ്റിവെച്ചവർക്ക്: വൃക്ക, കരൾ, ഹൃദയം മാറ്റിവെച്ച രോഗികൾ പതിവായി കഴിക്കേണ്ട എം.എം.എഫ്, ടാക്രോകോഡ് എന്നിവ കിട്ടാനില്ല. തലസ്ഥാനത്തെ മെഡിക്കൽ കോളേജിനോട് ചേർന്നുള്ള പ്രധാന ഫാർമസിയിൽ പോലും അവയവമാറ്റം കഴിഞ്ഞവർ കഴിക്കേണ്ട 'പാൻഗ്രാഫ്' എന്ന മരുന്ന് ലഭിക്കാതായിട്ട് ഒരു മാസത്തിലേറെയായി.
മറ്റു മരുന്നുകൾ: ഐ.സി.യുവുമായി ബന്ധപ്പെട്ട തീവ്രപരിചരണ ആന്റിബയോട്ടിക്കുകൾ, ജീവിതശൈലീ രോഗങ്ങൾക്കുള്ള സിലാകാർ, ക്ലോപിലെറ്റ് തുടങ്ങിയവയുടെ ലഭ്യതയും പൂർണ്ണമായി തടസ്സപ്പെട്ടു.
ഇൻസുലിൻ പോലുമില്ലാതെ മലബാർ; പൊതുവിപണിയിൽ വൻ ചൂഷണം
മലബാർ മേഖലയിലെ കാരുണ്യ ഫാർമസികളുടെ അവസ്ഥ കൂടുതൽ ദയനീയമാണ്. പ്രമേഹ രോഗികൾക്ക് നിത്യേന ആവശ്യമായ ഇൻസുലിൻ പോലും ഇവിടെ ലഭ്യമല്ല. ബ്രാൻഡഡ് മരുന്നുകൾ 50 ശതമാനത്തോളം വിലക്കുറവിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫാർമസികളിൽ മരുന്ന് ലഭിക്കാതായതോടെ, രോഗികൾ വൻതുക നൽകി സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണ്. സർക്കാരിൻ്റെ വീഴ്ചയും സാമ്പത്തിക പ്രതിസന്ധിയും കാരണം നിർധനരായ രോഗികളുടെ ജീവനാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നത്.











