
ലഖിംപുർ ഖേരി: തുടർന്ന് അധ്യാപികയെ സ്കൂളിലെത്തിയ മുൻകാമുകൻ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ ചിൽഡ്രൻസ് അക്കാദമി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് യുവാവ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
സ്കൂളിലെ അധ്യാപികയായ 26കാരി നിഷാത് ഫാത്തിമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 27കാരനായ മുഹമ്മദ് സൗദും മരിച്ചു. ഇരുവരും തമ്മിൽ പ്രണയബന്ധത്തിലായിരുന്നുവെന്നും അടുത്തിടെ ഫാത്തിമ ബന്ധം അവസാനിപ്പിച്ചതാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ഒരു വർഷമായി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു ഫാത്തിമ. തോക്ക് ബാഗിൽ ഒളിപ്പിച്ചാണ് സൗദ് സ്കൂളിലെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ക്ലാസ്മുറിയിലെത്തിയ സൗദ് ഫാത്തിമയെ പുറത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് മുകളിലത്തെ നിലയിലെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുവരെയും പിന്തുടർന്ന് സ്കൂളിലെ ഒരു ജീവനക്കാരനും മുകളിലേക്ക് പോയിരുന്നു.
ഇടനാഴിയിൽവെച്ച് സംസാരിക്കുന്നതിനിടെ സൗദ് തോക്കെടുത്ത് ഫാത്തിമയുടെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇയാൾ സ്വയം വെടിവെച്ചതായും പൊലീസ് പറഞ്ഞു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾ നോക്കിനിൽക്കെ സൗദ് ഫാത്തിമയുടെ കൈയിൽ പിടിച്ച് മുകളിലത്തെ നിലയിലേക്ക് വലിച്ചുകൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാമെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽനിന്ന് രക്ഷപ്പെടാൻ ഫാത്തിമ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവസമയത്ത് നാല് റൗണ്ട് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിയൊച്ച കേട്ടതോടെ വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും പരിഭ്രാന്തരായി. വിവരമറിഞ്ഞ് പൊലീസ് ഉടൻ സ്കൂളിലെത്തി.
അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ സ്കൂളിലെ സുരക്ഷാ സംവിധാനങ്ങളും പ്രവേശന നടപടികളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു. സ്കൂളിലെ സുരക്ഷാ മാനദണ്ഡങ്ങളിലും പരിശോധന നടത്തും. സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയാൽ ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും പൊലീസ് വ്യക്തമാക്കി.










