10:37pm 18 April 2026
NEWS
ബ്രിട്ടനിൽ സ്ത്രീകളും പെൺകുട്ടികളും പ്രതികളാകുന്ന കേസുകൾ പെരുകുന്നു
30/04/2025  06:30 PM IST
nila
ബ്രിട്ടനിൽ സ്ത്രീകളും പെൺകുട്ടികളും പ്രതികളാകുന്ന കേസുകൾ പെരുകുന്നു

ബ്രിട്ടനിൽ യുവതികൾ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നെന്ന് റിപ്പോർട്ട്. പെൺകുട്ടികളും സ്ത്രീകളും പ്രതികളാകുന്ന ആക്രമണ സംഭവങ്ങൾ ബ്രിട്ടനിൽ വർധിക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസുകാർ പോലും സ്ത്രീകളുടെ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന സംഭവങ്ങളുമുണ്ട്. പലപ്പോഴും യുവതികളും പെൺകുട്ടികളും സംഘം ചേർന്നാണ് ആക്രമണം നടത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സൗത്ത് ഈസ്‌റ്റേൺ റെയിൽ സർവീസിൽ വച്ച് പ്രായമുള്ളവരെ ആക്രമിച്ച പെൺകുട്ടികളുടെ ചിത്രം ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് പുറത്തുവിട്ടത് കഴിഞ്ഞയാഴ്ചയാണ്. തെക്കൻ ലണ്ടനിലൂടെ പോകുന്ന റൂട്ടുകളിൽ മണിക്കൂറിനുള്ളിൽ അടുത്തടുത്തായി നടന്ന ഈ സംഭവങ്ങൾ ഒരേ സംഘമാണ് നടത്തിയതെന്നാണ് കരുതുന്നത്.

വെസ്റ്റ് സസെക്സ് ഗ്രാമത്തിൽ 'അക്രമാസക്തരായ' പെൺകുട്ടികളുടെ സംഘം നടത്തിയ ആക്രമണവും ആശങ്കകൾ പരത്തിയിരുന്നു. ബാൺഹാമിന്റെ റെയിൽ സ്‌റ്റേഷനിലെ കൂട്ടത്തല്ലിലും പ്രതികൾ സ്ത്രീകളാണ് . ഈ വർഷം ഫെബ്രുവരി 27 ന് വടക്കൻ ലണ്ടനിലെ ഇസ്‌ലിങ്ടണിൽ 75 വയസ്സുകാരനായ ഫ്രെഡി റിവേറോ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 14, 16, 17 വയസ്സുള്ള മൂന്ന് പെൺകുട്ടികളാണ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ മാസം ലങ്കാഷെയറിലെ മോർകാംബെയിൽ 13 വയസ്സുകാരിയായ ഒലീവിയ അല്ലനെ ഗുരുതരമായി പരുക്കേൽപ്പിച്ചതിന് പിന്നിലും മറ്റൊരു ‘ലേഡി ഗ്യാങ്ങ്’ ആണ്. ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ റിപ്പോർട്ടിലും പെൺകുട്ടികളും യുവതികളും അക്രമത്തിൽ ഏർപ്പെടുന്നത് വർധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബാൺഹാമിലെ ഒരു കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങളും  കഞ്ചാവ് വലിക്കുന്ന പെൺകുട്ടികളുടെ സംഘത്തെ സംബന്ധിച്ച വിവരവുമെല്ലാം വാർത്തകളിൽ നിറഞ്ഞത് സമീപ ദിവസങ്ങളിലാണ്. ബാൺഹാമിൽ നിന്ന് പുറത്ത് വന്ന ദൃശ്യങ്ങളിൽ ഒരു പെൺകുട്ടി ഒരു ഉദ്യോഗസ്ഥന്റെ തലയിൽ ആവർത്തിച്ച് അടിക്കുന്നതും മറ്റൊരാൾ നിലത്ത് കിടക്കുന്നതും കാണാം. ട്രെയിൻ ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ച ബാൺഹാമിലെ പെൺകുട്ടികളുടെ സംഘത്തെ പിന്നീട് ശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

നിയമപരമായ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത അഞ്ച് പെൺകുട്ടികൾ ട്രെയിൻ ജീവനക്കാർ, പൊലീസ്, പൊതുജനങ്ങൾ എന്നിവരെ ആക്രമിക്കുകയും തല കൊണ്ട് ഇടിക്കുകയും മുടി പറിച്ചെടുക്കുകയും ചെയ്‌തു സംഭവും ബ്രട്ടിനിലെ വർധിച്ച് വരുന്ന ആക്രമണ സംഭവങ്ങളുടെ പരമ്പരയിൽ ഉൾപ്പെടുന്നു. ഒരു മണിക്കൂർ നീണ്ട സംഘർഷത്തിനിടയിൽ  പെൺകുട്ടി റെയിൽവേ യാത്രക്കാരന്റെ തലയിൽ നിന്ന് പറിച്ചെടുത്ത മുടി ട്രോഫി പോലെ ഉയർത്തിക്കാട്ടിയെന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്.

സംഘടിത കുറ്റകൃത്യങ്ങൾ മാത്രമല്ല, ബ്രിട്ടനിലെ സ്ത്രീകൾക്കിടയിൽ ലഹരി ഉപയോ​ഗവും വർധിച്ചിട്ടുണ്ട്. ലഹരിക്കുമരുന്ന് കടത്തുന്ന 'കൗണ്ടി ലൈൻസ്' പ്രവർത്തനങ്ങളിലും പെൺകുട്ടികളും യുവതികളും ഉൾപ്പെടുന്നതും വർധിച്ചു വരുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ലഹരി സംഘങ്ങളുടെ വലയിൽ അകപ്പെടുന്ന പെൺകുട്ടികൾ ലൈം​ഗിക ചൂഷണങ്ങൾക്ക് വിധേയരാകാറുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലഹരി സംഘങ്ങളിലും സെക്സ്റാക്കറ്റുകളിലും എത്തിപ്പെടുന്ന പെൺകുട്ടികൾ മറ്റ് പെൺകുട്ടികളെ കൂടി ഇത്തരം സംഘങ്ങളിലേക്ക് ആകർഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിജീവന തന്ത്രമെന്ന നിലയിലാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതത്രെ. പെൺകുട്ടികളിലും യുവതികളിലും ക്രിമിനൽ വാസന കൂടുന്നതിന് നിരവധി കാരണങ്ങളാണ് വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബാല്യകാലത്തെ ആഘാതങ്ങൾ, ദാരിദ്ര്യം, ജീവിതച്ചെലവ്, അധികാരികളോടുള്ള പ്രതികൂല അനുഭവങ്ങൾ, സ്കൂൾ അനുഭവങ്ങൾ, സംരക്ഷണ സംവിധാനത്തിലെ തിരിച്ചടികൾ എന്നിവയും പെൺകുട്ടികളെ ക്രിമിനൽ വാസനകൾ വർധിക്കാൻ കാരമാകുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img