12:28pm 17 April 2026
NEWS
സർക്കാരിനു ബാധ്യതയായി മാറിയ 'ലാഡ്കി ബഹീൺ യോജന'
17/04/2026  11:00 AM IST
പെരുമൺ ഗോപാലകൃഷ്ണൻ, മുംബയ്
സർക്കാരിനു ബാധ്യതയായി മാറിയ ലാഡ്കി ബഹീൺ യോജന

മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന-എൻസിപി സഖ്യത്തിന്റെ മഹായുതി സർക്കാർ 2024 ജൂണിൽ ആരംഭിച്ച 'മുഖ്യമന്ത്രി മാഝി ലാഡ്കി ബഹീൺ (എന്റെ ഓമനപ്പെങ്ങൾ) പദ്ധതി' സർക്കാരിനു വൻ ബാധ്യതയായിരിക്കുകയാണ്.  സാമ്പത്തികമായി പിന്നോക്കമുള്ള സ്ത്രീകൾക്ക് മാസം 1500 രൂപ വീതം അലവൻസ് നൽകുന്ന പദ്ധതിയാണിത്.
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോശമായ ഫലത്തെ തുടർന്ന് സമ്മർദ്ദത്തിലായ അന്നത്തെ മുഖ്യമന്ത്രി ഏക്ൾനാഥ് ശിന്ദേയ്ക്കു തോന്നിയ ബുദ്ധിയാണ്,  ലാഡ്കി ബഹീൺ പദ്ധതി.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായുള്ള ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ മഹാവികാസ് അഘാഡി സർക്കാരിലെ മന്ത്രിയായിരുന്ന ശിന്ദേ, ഈ സർക്കാരിനെ നിലം പതിപ്പിച്ചുകൊണ്ട്, ശിവസേനയെ പിളർത്തി വലിയൊരു ഗ്രൂപ്പ് എംഎൽഎ മാരുമായി  പ്രതിപക്ഷമായിരുന്ന ബിജെപിയിൽ ചേർന്നു പുതിയ സർക്കാർ രൂപീകരിക്കുകയായിരുന്നു. ഈ സർക്കാരിലെ മുഖ്യമന്ത്രിയായി, ദേവേന്ദ്ര ഫഡണവീസിനെ ഒഴിവാക്കി, ശിന്ദേയെ ഹൈക്കമാൻഡ് നിയോഗിച്ചപ്പോൾ, ശിന്ദേക്കു തന്നെ അതു വിശ്വസിക്കാൻ കഴിഞ്ഞില്ല.
അങ്ങനെ ശിന്ദേ മുഖ്യമന്ത്രിയായിരിക്കെ നടന്ന ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് മഹായുതി സർക്കാർ പരാജയം ഏറ്റുവാങ്ങിയത്. അധികം വൈകാതെ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മഹായുതിയെ എങ്ങനെയും വിജയിപ്പിച്ചില്ലെങ്കിൽ തന്റെ രാഷ്ടീയ ഭാവിയെത്തന്നെ അതു ബാധിക്കുമെന്നു ശിന്ദേക്കു ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണ് ശിന്ദേയുടെ ബുദ്ധി, എപ്പോഴും ചാഞ്ചാട്ടാൻ കഴിയുന്ന സ്ത്രീ വോട്ടർമാരിലേയ്ക്ക് തിരിഞ്ഞത്.

തന്റെ പേര് മുന്നിൽ വരാനായി  (വീണ്ടും മുഖ്യമന്ത്രിയാകാൻ) പദ്ധതിക്ക് 'മുഖ്യമന്ത്രി മാഝി ലാഡ്കി ബഹീൺ യോജന' എന്നാണ് നാമകരണം ചെയ്തത്.  2.34 കോടി സ്ത്രീകൾക്കാണ് പദ്ധതി മൂലം ഗുണം കിട്ടിയത്. 2024 നവമ്പറിൽ നിയമസഭ തിരഞ്ഞെടുപ്പ് ആയപ്പോഴേയ്ക്ക് 7500 രൂപവരെ ഓരോ സ്ത്രീകളുടേയും അക്കൗണ്ടിൽ എത്തിക്കഴിഞ്ഞിരുന്നു.
തങ്ങൾക്ക് ഭരണം കിട്ടിയാൽ തുക 1500 രൂപയിൽ നിന്ന് 2100 രൂപയായി ഉയർത്തുമെന്നും ശിന്ദേ സർക്കാർ വാഗ്ദാനം നിൽകിയിരുന്നു. ഏതായാലും സംഗതി ക്ലിക്കായി. മഹായുതി ഭരിക്കാനുള്ള ഭൂരിപക്ഷത്തോടെ വിജയിച്ചു. പക്ഷേ,  പ്രതീക്ഷിച്ചപോലെ ശിന്ദേയ്ക്കു മുഖ്യമന്ത്രിപദവി വീണ്ടും കിട്ടിയില്ല. പുള്ളി കുറേ ഇടഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല.  പദ്ധതിത്തുക ഇതുവരെ വർധിച്ചിട്ടുമില്ല. എന്നാൽ, ഇത് കിട്ടുമെന്നു തന്നെയുള്ള പ്രതീക്ഷയിലാണ് സ്ത്രീകൾ.

21 മുതൽ 65 വരെ വയസ്സുള്ളതും 2.5 ലക്ഷത്തിൽ കുറവ് വാർഷിക വരുമാനമുള്ളതുമായ കുടുംബത്തിലെ ഒരു സ്ത്രീക്കാണു മാസം 1500 രൂപയുടെ അലവൻസ് കിട്ടുന്നത്.

സർക്കാർ ഉദ്യോഗസ്ഥർ മുതൽ പുരുഷന്മാർ വരെ

1500 രൂപ പ്രതിമാസം കിട്ടുമെന്നറിഞ്ഞ് സർക്കാർ ഉദ്യോഗസ്ഥർ, കോളജ് വിദ്യാർഥിനികൾ, വൃദ്ധകൾ (ഇവർക്ക് വാർധക്യ പെൻഷനുണ്ട്) തുടങ്ങി പുരുഷന്മാർ വരെ ഫോറം നിറച്ച് അപേക്ഷ നൽകി. പ്രതീക്ഷിച്ചപോലെ ഇതിൽ ഭൂരിപക്ഷത്തിനും 1500 വീതം അലവൻസും ലഭിച്ചുകൊണ്ടിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് തിരക്കൊക്കെ കഴിഞ്ഞ്, പിന്നെയും ഏറെ വൈകി, അലവൻസ് വാങ്ങുന്നവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ്  അർഹതയില്ലാത്ത ലക്ഷക്കണക്കിനു പേർ അലവൻസ് നേടിക്കൊണ്ടിരിക്കുകയാണെന്ന കാര്യം സർക്കാർ അറിയുന്നത്.
21 വയസ്സിനു താഴെയുള്ള 1,56,297 യുവതികളാണ് അനധികൃതമായി അലവൻസ് നേടുന്നതായി കണ്ടെത്തിയത്. ഇതിൽ പലരും ഇപ്പോഴും കോളെജ് പഠനം തുടരുന്നവരാണ്.

65 കഴിഞ്ഞ മുതിർന്ന സ്ത്രീകൾ- 2,87,803 പേർ അനധികൃതമായി തുക കൈപ്പറ്റി.   മാസം 43.17 കോടി വീതമാണ് ഇക്കൂട്ടർക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത്.
സർക്കാർ ശമ്പളം പറ്റുന്ന  8294   ജീവനക്കാർ  സാധാരണക്കാരായ സ്ത്രീകൾക്ക് ലഭിക്കേണ്ട അലവൻസ് കൂടി തട്ടിയെടുത്തു. ഇവർക്ക് ചെലവാക്കിയത് 14.92 കോടി. പേരുകൾ റദ്ദാക്കുക വഴി  കോടികളുടെ നേട്ടമാണുണ്ടായത്.
തട്ടിപ്പിലെ ഏറ്റവും വിചിത്രം, സ്ത്രീകൾക്കു മാത്രമായുള്ള അലവൻസ് അടിച്ചെടുത്ത 'പുരുഷകേസരി'കളാണ്. ഇവരുടെ പേരുകൾ എന്തുകൊണ്ട് ആദ്യ ഘട്ട പരിശോധകർക്ക് മനസ്സിലായില്ല എന്നത് അത്ഭുതമാണ്. 14,298 പുരുഷന്മാർക്കായി അലവൻസു നൽകുക വഴി സർക്കാരിനു നഷ്ടപ്പെട്ടത് 424 കോടി രൂപ.

ഇന്ദിരഗാന്ധി പെൻഷൻ പോലുള്ള ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന 13,461 സ്ത്രീകളും അലവൻസ് കൈപ്പറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
പല തവണയായി 68 ലക്ഷം അക്കൗണ്ടുകളാണ്  സർക്കാർ റദ്ദാക്കിയത്. ഈ റിപ്പോർട്ട് എഴുതുമ്പോഴും ഇ.കെ.വൈ.സി വഴി പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. ഇതോടെ സജീവ അക്കൗണ്ടുകൾ 1.75 കോടിയായി കുറഞ്ഞിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ  പറയുന്നു.
അക്കൗണ്ടുകൾ കുറഞ്ഞതോടെ അലവൻസ് തുകയിൽ ഭീമമായ കുറവാണ് അനുഭവപ്പെടുന്നത്.  2025-26ൽ പദ്ധതിയുടെ ബജറ്റ് വിഹിതം 36,000 കോടി രൂപ ആയിരുന്നത്  2026-27 ബജറ്റിൽ 26,000 കോടിയായി കുറച്ചിട്ടുണ്ട്.

അനധികൃതമായി അലവൻസ് വാങ്ങിയവരിൽ നിന്നു തുക തിരിച്ചുപിടിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നുമൊക്കെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ,  തുക തിരിച്ചു പിടിക്കില്ലെന്നും പദ്ധതി ഒരിക്കലും അവസാനിപ്പിക്കില്ലെന്നും പുതിയ ബജറ്റ് അവതരണ വേളയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡണവീസ് ഉറപ്പ് നൽകിയിരുന്നു.
'കഴിഞ്ഞ വർഷം 35,000  കോടി രൂപയാണ് ലാഡ്കി ബഹീൺ യോജന പ്രകാരം വിതരണം ചെയ്തത്. അനധികൃതരെ ഒഴിവാക്കുക വഴി ഇത്  27,000 കോടിയായി കുറയ്ക്കാൻ കഴിഞ്ഞു'  മുഖ്യമന്ത്രി അവകാശപ്പെട്ടു.

വോട്ടിനു വാരിക്കൊടുത്തു, കടം കേറി സർക്കാർ

2025-26 സാമ്പത്തിക വർഷത്തിൽ റവന്യൂ വരുമാനം കുറയുകയും ചെലവ് വർധിക്കുകയും ചെയ്തതോടെ സർക്കാർ സമ്മർദ്ദത്തിലാണ്.
ജിഎസ്ടി, എക്‌സൈസ് ഡ്യൂട്ടി, മോട്ടോർ വാഹന നികുതി, സ്റ്റാംപ് ഡ്യൂട്ടി, സ്വത്ത് റജിസ്‌ട്രേഷൻ എന്നിവകളിലാണ് വൻ കുറവുണ്ടായത്. മുൻപ് തന്നെ കടത്തിലായിരുന്ന സർക്കാരിനു  പ്രതിമാസം 3600 കോടി രൂപ ചെലവുവരുന്ന ലാഡ്കി ബഹീൺ യോജന കൂടി വന്നതോടെ നില കൂടുതൽ പരുങ്ങലിലായി.

വികസനത്തിനു ഫണ്ടില്ലെന്നും വിവിധ വകുപ്പുമന്ത്രിമാർ ശബ്ദമുയർത്തുന്നുണ്ട്. വനസംരക്ഷണത്തിനു ഫണ്ടില്ലെന്ന കാരണത്താൽ, കാട്ടിലെ പാകമായ 12,000 കോടി രൂപയുടെ തേക്ക് മരങ്ങൾ ഈട് വച്ച് 6000 കോടി രൂപ വായ്പ എടുക്കാനാണ് ആലോചിക്കുന്നതെന്നു വനമന്ത്രി ഗണേശ് നായിക്ക് അടുത്തിടെ നിയമസഭ കൗൺസിലിൽ വെളിപ്പെടുത്തിയിരുന്നു.
'ലാഡ്കി ബഹീൺ പോലുള്ള പദ്ധതികൾ വിവിധ വകുപ്പുകളുടെ പ്രവർത്തനത്തിനു വിഘ്‌നമാകുന്നുണ്ട്. എന്നാലിത് നിർത്താനുമാവില്ല. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു വായ്പാ പദ്ധതി ആലോചിക്കുന്നത് .' മന്ത്രി ന്യായീകരിച്ചു.

സംസ്ഥാന സർക്കാർ ബില്ലുകൾ ക്ലിയർ ചെയ്യുന്നില്ലെന്ന് ആരോപിച്ച്  മഹാരാഷ്ട്രയിലെ 3 ലക്ഷം കോൺട്രാക്ടർമാർ സംസ്ഥാന തലത്തിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത് ഏപ്രിൽ മൂന്നിനാണ്.  വിവിധ വകപ്പുകളിലായി  96,000 കോടി രൂപ കടമുണ്ടെന്നാണ് കരാറുകാർ ആരോപിക്കുന്നത്. ജലജീവൻ മിഷൻ, മഹാരാഷ്ട്ര ജീവൻ പ്രാധീകരൺ 35,000 കോടി, പൊതുമരാമത്ത് 29,000 കോടി, ജില്ലാ വികസന പദ്ധതികൾ 11,000 കോടി, ജലവിഭവവകുപ്പ് പദ്ധതികൾ 9,000 കോടി, ഗ്രാമ വികസനവും ജലസംരക്ഷണ പദ്ധതികളും 6,500 കോടി എന്നിവ കടങ്ങളിൽപ്പെടന്നു.
എന്തിനു പറയുന്നു, വിരമിച്ച മാധ്യമ പ്രവർത്തകർക്ക്  ലഭിക്കുന്ന നിസ്സാരതുകയ്ക്കുള്ള പെൻഷനു അപേക്ഷിക്കേണ്ട ഫോം പോലും മന്ത്രാലയം (സെക്രട്ടേറിയറ്റ്) വിതരണം ചെയ്യുന്നതു നിർത്തിവച്ചിരിക്കുകയാണ്.

വോട്ടർമാരെ ആകർഷിക്കാനും തിരഞ്ഞെടുപ്പിൽ വിജയിക്കാനുമാണ് സർക്കാർ പണം ഉപയോഗിച്ചതെന്നു ഉദ്ധവ് ശിവസേന നേതാവ് സുഷമ അന്ധാരെ കുറ്റപ്പെടുത്തി. ഇതിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡണവീസ്, ഉപമുഖ്യമന്ത്രി ഏക്ൾനാഥ് ശിന്ദേ, വനിതാ ശിശു വികസന മന്ത്രി അദിതി തട്കരെ എന്നിവർക്കെതിരെ വഞ്ചനാ കേസ് റജിസ്റ്റർ ചെയ്യണമെന്നും സുഷമ അന്ധാരെ ആവശ്യപ്പെട്ടു.
അതെന്തായാലും ശരി, ലാഡ്കി ബഹീൺ പദ്ധതി ശിന്ദേ നടപ്പാക്കിയിരുന്നില്ലെങ്കിൽ, ഒരു പക്ഷേ, മഹായുതി സർക്കാർ തന്നെ ഇന്ന് ഉണ്ടാകുമായിരുന്നില്ല.  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉദ്ധവ് ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ മഹാവികാസ് അഘാഡി മുൻപിൽ വന്നതോടെ, അവർക്ക് പുതുജീവൻ വച്ചിരുന്നു. നിയമസഭയിൽ നിശ്ചയമായും വിജയം കൊയ്യാനാകുമെന്നും അഘാഡി പ്രതീക്ഷിച്ചു. എന്നാൽ,  ലാഡ്കി ബഹീൺ യോജന രാഷ്ട്രീയാന്തരീക്ഷം കീഴ്‌മേൽ മറിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.