04:25am 11 February 2026
NEWS
സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ
10/02/2026  01:10 PM IST
nila
സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ഇഷ്ടപ്പെട്ട മീൻകറി ലഭിക്കാത്തതിനെ തുടർന്ന് പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഊണു കഴിക്കാതെ മടങ്ങിയെന്ന വിവാദ പരാമർശത്തിലൂടെ ഇടതുസർക്കാരിനെ പ്രതിസന്ധിയിലാക്കിയ സിപിഐ നേതാവ് സി. ദിവാകരൻ, വീണ്ടും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കേരളത്തിൽ വ്യവസായങ്ങളും നിർമാണകേന്ദ്രങ്ങളും സ്ഥാപിക്കാൻ സർക്കാർ പരാജയപ്പെട്ടതിന്റെ ഫലമായാണ് യുവതലമുറ ജോലി തേടി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതെന്ന് ദിവാകരൻ ആരോപിച്ചു.

 ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിശാസ്ത്രപരമായി ചെറിയ സംസ്ഥാനമാണ് കേരളം. അങ്ങനെയൊരു സംസ്ഥാനത്ത് ഹെവി ഇൻഡസ്ട്രികളോ മാനുഫാക്ചറിംഗ് സംവിധാനങ്ങളോ ഇല്ലെന്നത് ഗൗരവമായ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാറുകളും മോട്ടോർബൈക്കുകളും ഹെവി മെഷിനറികളും വരെ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ കേരളത്തിൽ ഇന്നും ഇല്ലെന്നതാണ് യാഥാർഥ്യമെന്ന് ദിവാകരൻ പറഞ്ഞു.

ഇത്തരം വ്യവസായ വികസനത്തിന്റെ അഭാവമാണ് യുവാക്കളെ പാസ്‌പോർട്ട് എടുത്ത് വലിയ ചെലവ് വഹിച്ച് നാട്ടുവിട്ടുപോകാൻ നിർബന്ധിതരാക്കുന്നതെന്നും, ഫാക്ടറികളും നിർമാണപ്രവർത്തനങ്ങളും സംസ്ഥാനത്ത് കൊണ്ടുവരേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടയിൽ, കോളജ് പഠനകാലത്ത് അമ്മ ഉണ്ടാക്കി കൊടുത്ത ചെറിയ ഒറോട്ടി കഴിച്ചാണ് വിശപ്പടക്കിയിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പൊതുപരിപാടിയിൽ പറഞ്ഞ പരാമർശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദിവാകരന്റെ ‘മീൻകറി’ വെളിപ്പെടുത്തലും വീണ്ടും ചർച്ചയായത്. ചൂരക്കറി കഴിക്കാൻ പിണറായി വിജയൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം. സത്യനേശൻ പുലർച്ചെ പാളയം മാർക്കറ്റിൽ നിന്നു വലിയ നെയ്മീൻ വാങ്ങി പാറശാലയിൽ എത്തിച്ച് കറിവച്ചുവെന്നും, അതോടെയാണ് പിണറായി സന്തോഷപ്പെട്ടതെന്നും ദിവാകരൻ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img