
ദോഹ:വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ഉച്ചവിശ്രമ നിയമം അവസാനിച്ച സാഹചര്യത്തിലും തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയുള്ള മുൻകരുതലുകൾ തുടർന്നും പാലിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം (MoL). രാജ്യത്തെ തൊഴിൽ അന്തരീക്ഷം സുരക്ഷിതമായി നിലനിർത്തുന്നതിന് ആവശ്യമായ തൊഴിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ തൊഴിലുടമകൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
തൊഴിലാളികൾ നേരിടുന്ന സൂര്യാഘാതം, കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തടയുന്നതിനായി 2021-ലെ 17-ാം നമ്പർ തീരുമാനപ്രകാരമാണ് വേനൽക്കാല തൊഴിൽ സമയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. വർഷം തോറും ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3.30 വരെ തുറസ്സായ സ്ഥലങ്ങളിലും ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലും തുറസ്സായ ഷെഡുകളിലും ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടായിരുന്നു ഈ നിയമം. ഇക്കാലയളവിൽ കടുത്ത ചൂടിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാൻ വൈകുന്നേരങ്ങളിലാണ് ജോലി സമയം ക്രമീകരിച്ചിരുന്നത്.
നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും പുതിയ സമയക്രമ പട്ടിക തൊഴിലാളികൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. നിയമ ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തൊഴിൽ സേനയുടെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന 'ദേശീയ തൊഴിൽ തന്ത്രം 2024–2030' മുൻനിർത്തി ഉയർന്ന തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.











