കൊച്ചി: തൊഴിലാളി സമുഹത്തെ ഒന്നാകെ പ്രത്യേകിച്ച്, മാധ്യമപ്രവർത്തകരെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് പുതിയ തൊഴിൽ കോഡിലുടെ കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നതെന്ന് അഡ്വ. തമ്പാൻ തോമസ്. മാധ്യമപ്രവർത്തകരെ ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽപ്പെടുത്തിയത് തന്നെ നീതികരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ ലേബർ കോഡുകളും മാധ്യമപ്രവർത്തകരും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു തമ്പാൻ തോമസ്.മറ്റെല്ലാ മേഖലകളിലും ജോലി ചെയ്യുന്നവരെ പോലെ തന്നെ തൊഴിലാളികളാണ് മാധ്യമ പ്രവർത്തകരും. ആ നിലയ്ക്കുള്ള എല്ലാ അവകാശങ്ങൾക്കും നിയമപരമായി തന്നെ അവർക്ക് അർഹതയുണ്ട്. എന്നാൽ, വേജ്ബോർഡ് ആക്ട് പ്രകാരം നിലവിൽ വന്ന സേവന, വേതന വ്യവസ്ഥകളെ അപ്പാടെ നിരാകരിക്കുകയാണ് പുതിയ ലേബർ കോഡുകൾ. തൊഴിലുടമയ്ക്ക് തോന്നിയതുപോലെ കരാർ നിയമനങ്ങൾ നടത്താനും വേതനം കുറയ്ക്കാനും ജോലി സമയം നിശ്ചയിക്കാനും അത് അമിതാധികാരം നൽകുന്നു. മാധ്യമപ്രവർത്തകർ ചെയ്യുന്ന ജോലിയുടെ സ്വഭാവവും പ്രത്യേകതകളും അവശ്യ സേവന മേഖലയെന്ന പരിഗണനയും ഇല്ലാതെ ജോലിസ്ഥിരതയ്ക്ക് തന്നെ ഭീഷണി ഉയർത്തുന്ന വിധത്തിലാണ് ലേബർ കോഡുകൾക്ക് രൂപം നൽകിയിട്ടുള്ളത്. നിലവിലെ തൊഴിൽ നിയമങ്ങൾക്ക് പൂർണമായും വിരുദ്ധമായ കോഡുകൾ കരാർ നിയമനങ്ങൾ വ്യാപകമാകാൻ ഇടയാക്കും. ഇതിനെതിരെ മാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി ശബ്ദം ഉയർത്തണമെന്നും തമ്പാൻ തോമസ് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്‍റ് ആർ. ഗോപകുമാർ സ്വാഗതവും സെക്രട്ടറി ഷജിൽ കുമാർ നന്ദിയും പറഞ്ഞു.








