
കിർഗിസ്ഥാനിൽ വ്ലാഡ്മിർ ലെനിന്റെ കൂറ്റൻ പ്രതിമ നീക്കം ചെയ്തു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒഷിലെ സെൻട്രൽ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ആരുമറിയാതെ ഭരണകൂടം നീക്കം ചെയ്തത്. 23 മീറ്റർ ഉയരമുള്ള പ്രതിമ, ലെനിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ പ്രതിമയാണ്. ശനിയാഴ്ച്ച അർധരാത്രിയിലാണ് അധികൃതർ ഈ പ്രതിമ നീക്കം ചെയ്തത്. ഇത് എന്ത് ചെയ്തെന്നോ എവിടേക്കാണ് മാറ്റിയതെന്നോ ആർക്കും അറിയില്ല.
പഴയ സോവിയറ്റ് രാജ്യങ്ങളെല്ലാം സോവിയറ്റ്കാല മുദ്രകളും നേതാക്കളുടെ സ്മാരകങ്ങളും എടുത്തു മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യുന്നുണ്ട്. തങ്ങളുടെ ദേശീയസ്വത്വം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന്റെ ഭാഗമായാണ് കിർഗിസ്ഥാനും ലെനിന്റെ കൂറ്റൻ പ്രതിമ നീക്കം ചെയ്തിരിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലാണ് കിർഗിസ്ഥാൻ റഷ്യൻ സാമ്രാജ്യത്തിനൊപ്പം കൂട്ടിച്ചേർക്കപ്പെട്ടത്. 1917-ലെ ബോൾഷെവിക് വിപ്ലവത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ഭാഗമായി. 1991-ൽ സോവിയറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം നേടി. നിലവിൽ റഷ്യയുടെ സഖ്യകക്ഷിയാണ് ഈ രാജ്യം.











