03:44pm 20 May 2026
NEWS

കെ വി തോമസ് കൂടുമാറുമോ? ബിജെപി നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വാർത്തകൾ നിഷേധിച്ചില്ല

20/05/2026  12:42 PM IST
nila
 കെ വി തോമസ് കൂടുമാറുമോ? ബിജെപി നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വാർത്തകൾ നിഷേധിച്ചില്ല

കൊച്ചി: ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ നിഷേധിക്കാതെ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ പ്രതികരണം. ആരെയൊക്കെയോ കാണാറുണ്ടെന്നും, ബി.എൽ. സന്തോഷിനെ പോലുള്ള നേതാക്കളുമായി വർഷങ്ങളായുള്ള പരിചയമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ രാഷ്ട്രീയത്തിൽ അൻപത് വർഷമായി സജീവമാണ്. പലരെയും കാണാറുണ്ട്. ബി.എൽ. സന്തോഷിനെയും ഇന്നല്ല പരിചയപ്പെടുന്നത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടുമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തോട്, “നിങ്ങൾക്ക് ഒത്തിരി കഥകൾ പറയാം” എന്ന മറുപടിയും അദ്ദേഹം നൽകി.

ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി തുടരണോ എന്നത് പുതിയ സർക്കാർ തീരുമാനിക്കേണ്ട വിഷയമാണെന്നും തോമസ് വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആ സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം, തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാജിവെച്ച് ഓഫീസ് ഒഴിഞ്ഞിരുന്നു.

ഇന്ന് ഡൽഹി കേരളാ ഹൗസിലെത്തി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്‌. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനുമായും കെ.വി. തോമസ് വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളും അദ്ദേഹത്തെ തങ്ങളുടെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാക്കാൻ ആലോചിക്കുന്നതായ റിപ്പോർട്ടുകളും വരുന്നുണ്ട്‌.

കോൺഗ്രസ് നേതാവായിരുന്ന തോമസ്, സംസ്ഥാന മന്ത്രിസഭയിലും യുപിഎ കാലത്ത് കേന്ദ്രമന്ത്രിസഭയിലും അംഗമായിരുന്നു. എന്നാൽ 2019-ൽ ലോക്‌സഭാസ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസുമായി അകന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകാലത്ത് ഇടതുസ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ 2022-ൽ അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി. തുടർന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img