10:52am 12 November 2026
NEWS

കെ കരുണാകരനും സോണിയാ ​ഗാന്ധിയും തമ്മിൽ അകന്നത് പത്മജ കാരണമെന്ന് വെളിപ്പെടുത്തൽ

11/05/2026  10:30 AM IST
nila
 കെ കരുണാകരനും സോണിയാ ​ഗാന്ധിയും തമ്മിൽ അകന്നത് പത്മജ കാരണമെന്ന് വെളിപ്പെടുത്തൽ

കൊച്ചി: മുൻ മുഖ്യമന്ത്രി കെ കരുണാകരനും സോണിയ ​ഗാന്ധിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകാൻ കാരണമായത് കരുണാകരന്റെ മകൾ പത്മജ വേണു​ഗോപാലുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളാണെന്ന വെളിപ്പെടുത്തലുമായി മുൻ കേന്ദ്രമന്ത്രി കെ വി തോമസ്. അദ്ദേഹത്തിന്റെ ആത്മകഥയായ കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച പരാമർശങ്ങൾ. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു കരുണാകരന്റെ ആഗ്രഹമെന്ന് പുസ്തകത്തിൽ പറയുന്നു. കരുണാകരന്റെ ആവശ്യപ്രകാരം ഈ കാര്യം സോണിയ ഗാന്ധിയുമായി സംസാരിച്ചതും കെ.വി. തോമസാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ “പത്മജയെ എന്തിനാണ് പിൻവാതിലിലൂടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്” എന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണമെന്നാണ് പുസ്തകത്തിലെ പരാമർശം. ഈ സംഭവത്തോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം അകലാൻ തുടങ്ങിയതെന്നും അദ്ദേഹം കുറിക്കുന്നു.

അതേസമയം, 2001ൽ കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിലും സോണിയ ഗാന്ധിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. എന്നാൽ അന്നത്തെ യുഡിഎഫ് സർക്കാരിന്റെ സ്ഥിരത കണക്കിലെടുത്താണ് അവർ ഒടുവിൽ തീരുമാനത്തിന് വഴങ്ങിയതെന്നും പരാമർശമുണ്ട്. ഹൈക്കമാൻഡിന്റെ നിലപാടിനെ മറികടന്ന് കോടോത്ത് ഗോവിന്ദൻ നായരെ രാജ്യസഭാ സ്ഥാനാർഥിയാക്കിയതും കരുണാകരൻ–സോണിയ ബന്ധത്തിൽ കൂടുതൽ അകലം സൃഷ്ടിച്ചുവെന്നാണ് ആത്മകഥയിലെ മറ്റൊരു ആരോപണം.

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തും കരുണാകരന്റെ സ്വാധീനം ശക്തമായിരുന്നുവെന്ന് കെ.വി. തോമസ് എഴുതുന്നു. മന്ത്രിസഭാ യോഗങ്ങൾക്ക് മുൻപ് കോൺഗ്രസ് മന്ത്രിമാർ ഫയലുകളുമായി കരുണാകരന്റെ വസതിയിലെത്താറുണ്ടായിരുന്നുവെന്നും ഇത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് യോജിച്ചതല്ലെന്ന് താൻ ശക്തമായി എതിർത്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആവശ്യമെങ്കിൽ രാജിവെക്കാമെന്ന നിലപാടും കരുണാകരനെ അറിയിച്ചിരുന്നുവെന്നാണ് ആത്മകഥയിലെ അവകാശവാദം.

മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവുമായും കരുണാകരന് അത്ര സൗഹൃദപരമായ ബന്ധമല്ല ഉണ്ടായിരുന്നതെന്നും പുസ്തകത്തിൽ പറയുന്നു. നരസിംഹറാവുവിനെ “പി.എം” എന്നോ പേരോ വിളിക്കാൻ കരുണാകരൻ തയ്യാറായിരുന്നില്ലെന്നും “പി.വി.” എന്നായിരുന്നു പതിവായി വിളിച്ചിരുന്നതെന്നും കെ.വി. തോമസ് രേഖപ്പെടുത്തുന്നു. ഈ സമീപനം നരസിംഹറാവുവിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചകൾ നാല് പതിറ്റാണ്ടിലേറെയായി അടുത്തറിഞ്ഞിരുന്ന കെ.വി. തോമസ് നിലവിൽ ഇടതുപക്ഷത്തോടൊപ്പമാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ചാരക്കേസ് ഉൾപ്പെടെയുള്ള നിരവധി വിവാദ വിഷയങ്ങളെയും കുറിച്ചും ആത്മകഥയിൽ അദ്ദേഹം അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img