
ദോഹ: ആധുനിക ഖത്തറിന്റെ ശില്പിയും മുൻ അമീറുമായ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ താനിയുടെ നിര്യാണത്തിൽ കുവാഖ് (കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ) അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
നിലവിലെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ താനിയുടെ പിതാവായ അദ്ദേഹം ദീർഘദർശിയായ ഭരണപാടവത്തിലൂടെയും വികസന സ്വപ്നങ്ങളിലൂടെയും ഖത്തറിനെ ലോക രാഷ്ട്രങ്ങളുടെ മുൻനിരയിലേക്ക് ഉയർത്തിയ വ്യക്തിത്വമാണെന്ന് കുവാഖ് അനുശോചന സന്ദേശത്തിൽ സ്മരിച്ചു. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്നും, സേവനത്തിന്റെയും സമർപ്പണത്തിന്റെയും നേതൃത്വത്തിന്റെയും പ്രകാശം തലമുറകൾക്ക് എന്നും പ്രചോദനമായി നിലനിൽക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വേർപാടിൽ ദുഃഖത്തിലായിരിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ താനിക്കും, ആൽ താനി രാജകുടുംബത്തിനും, ഖത്തർ ജനതയ്ക്കും ഈ തീരാനഷ്ടം സഹിക്കാനുള്ള ക്ഷമയും ശക്തിയും പ്രപഞ്ചനാഥൻ പ്രദാനം ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും കുവാഖ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.











