
കുവൈറ്റ് സിറ്റി: കുവൈറ്റിന് നേരെ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശത്രുരാജ്യങ്ങളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യം ശക്തമായ വ്യോമാക്രമണ ഭീഷണി നേരിട്ടതായും എന്നാൽ പ്രതിരോധ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ച് ഇവയെല്ലാം ആകാശത്തുവെച്ച് തന്നെ തകർത്തതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കുവൈറ്റ് വാർത്താ ഏജൻസി (KNA) പുറത്തുവിട്ട പ്രസ്താവന പ്രകാരം, പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും തടസ്സപ്പെടുത്തി നശിപ്പിച്ചതു മൂലമുണ്ടായതാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട സുരക്ഷാ-പ്രതിരോധ മന്ത്രാലയങ്ങൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ സ്റ്റാഫ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമാതിർത്തി പൂർണ്ണമായും സുരക്ഷിതമാണെന്നും ഏത് തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ സായുധ സേന സജ്ജമാണെന്നും കുവൈറ്റ് സൈന്യം അറിയിച്ചു.










