11:18pm 23 June 2026
NEWS
യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക് കുട്ടനാടിനെ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യാൻ കേന്ദ്ര സർക്കാർ
23/06/2026  08:50 AM IST
nila
യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക് കുട്ടനാടിനെ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യാൻ കേന്ദ്ര സർക്കാർ

ആലപ്പുഴ: കുട്ടനാടിന്റെ കാർഷിക-സാംസ്കാരിക പൈതൃകത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ ശുപാർശ സമർപ്പിക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വിദഗ്ധ പഠന റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

യുനെസ്കോയുടെ ‘കൾച്ചറൽ ലാൻഡ്സ്കേപ്’ വിഭാഗത്തിൽ കുട്ടനാടിനെ ഉൾപ്പെടുത്തുന്നതിനുള്ള ശുപാർശയാണ് കേന്ദ്രം മുന്നോട്ടുവെക്കുക. കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് തുടർനടപടികൾ ആരംഭിച്ചതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. വ്യക്തമാക്കി.

സമുദ്രനിരപ്പിന് താഴെയുള്ള അപൂർവ കൃഷിരീതികൾ, തനതായ ജലവിഭവ മാനേജ്മെന്റ് സംവിധാനം, കാർഷിക പൈതൃക മാതൃക, സമ്പന്നമായ ജൈവവൈവിധ്യം, പരമ്പരാഗത കാർഷിക അറിവുകൾ എന്നിവയാണ് കുട്ടനാടിന്റെ പ്രത്യേകതകളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയുടെ പ്രാഥമിക പൈതൃക പട്ടികയിൽ ഉൾപ്പെടുന്നതോടെ ലോക പൈതൃക പദവിയിലേക്കുള്ള ആദ്യഘട്ടം കുട്ടനാട് പിന്നിടും. ഇതിനായി കേന്ദ്ര നിർദേശപ്രകാരം ആവശ്യമായ നിർദേശങ്ങളും രേഖകളും എം.പി. സമർപ്പിച്ചിരുന്നു.

നേരത്തെ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) ‘ഗ്ലോബലി ഇംപോർട്ടന്റ് അഗ്രികൾച്ചറൽ ഹെറിറ്റേജ് സിസ്റ്റം’ അംഗീകാരം നേടിയ കുട്ടനാടിനെ യുനെസ്കോയുടെ കൾച്ചറൽ ലാൻഡ്സ്കേപ് വിഭാഗത്തിലും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ പഠനത്തിന് ചുമതലപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img