
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ വർഷങ്ങളായി നിലനിൽക്കുന്ന ഏകീകൃത കുർബാന തർക്കവിഷയം സമവായത്തിലൂടെ രൂപീകരിച്ച മാർഗ്ഗരേഖ പ്രകാരം പരിഹരിച്ചെന്ന് അതിരൂപത നേതൃത്വവും ഒരു വിഭാഗം വൈദീകരും അൽമായരും നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും കുർബാനയ്ക്കായുള്ള പ്രക്ഷോഭം തുടരുമെന്നും വിവിധ വിശ്വാസി സംഘടനകളുടെ കൂട്ടായ്മയായ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതിരൂപതയിലെ കുർബാന പ്രതിസന്ധി അതീവ രൂക്ഷമായി നിലനിൽക്കുകയും മാർ പാംപ്ലാനിയുടെ നിയമ വിരുദ്ധ സമവായം സഭയോടൊപ്പം നിൽക്കുന്ന വിശ്വാസികൾ തള്ളിക്കളഞ്ഞിരിക്കുകയുമാണ്. വിമത വൈദീകരും അൽമായ ഗുണ്ടാ നേതാക്കളുമായി മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി സഭ നിയമങ്ങൾ മറികടന്ന് ഉണ്ടാക്കിയ രഹസ്യ ധാരണകളിലെ ഏതാനും ചിലകാര്യങ്ങൾ മാത്രമാണ് സമവാക്യമെന്ന പേരിൽ ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. എന്നാൽ മാർഗരേഖയിൽ ഒപ്പിട്ടവർ തന്നെ അത് ലംഘിച്ചതോടെ മാർ പാംപ്ലാനിയും അദ്ദേഹത്തിൻറെ ഇംഗീതത്തിനു തുള്ളുന്നതും കഴിവില്ലാത്തതുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും വത്തിക്കാനു മുന്നിൽ വൻ പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണ്. സഭ നിയമങ്ങൾ കാറ്റിൽ പറത്തി സഭ വിരുദ്ധരുമായി ചേർന്ന് ഏകീകൃത കുർബാന തീരുമാനം അട്ടിമറിക്കാനും കുറ്റക്കാരായ വൈദികരെ സംരക്ഷിക്കാനും കാനോൻ നിയമ ലംഘനങ്ങൾ നടത്തിയതിന് സഭ ട്രൈബ്യുണൽ രൂക്ഷമായി വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത ഇരു മെത്രാന്മാരും രാജിവച്ചൊഴിയണം. സീറോ മലബാർ സഭയിലെ 35 ൽ 34 രൂപതകളിലും നടപ്പിലാക്കിയ ഏകീകൃത കുർബാന പൂർണ്ണമായും അതിരൂപതയിൽ ലഭിക്കുന്നതുവരെയും കുറ്റക്കാരായ വൈദികർക്കെതിരെയുള്ള നടപടികൾ നടപ്പിലാക്കുന്നതുവരെയും പോരാട്ടം തുടരുമെന്നും അവർ അറിയിച്ചു.
സസ്പെൻഷനും കൂദാശ വിലക്കുള്ളതുമായ വൈദികരെ ഇടവക വികാരിമാരായി നിയമിക്കുകവഴി മേജർ ആർച്ച് ബിഷപ്പും, മെത്രാപ്പോലീത്തൻ വികാരിയും വലിയ മഹറോൻ ശിക്ഷക്ക് വിധേയരാകേണ്ട അവസ്ഥയിലാണ്. ഇടവകകൾ സന്ദർശിക്കാനെത്തുന്ന മെത്രാൻമാർ ഏകീകൃത കുർബാന മാത്രമേ അർപ്പിക്കൂയെന്നും പുറത്തുനിന്ന് വരുന്ന വൈദികർക്ക് ഇതിന് അനുവാദമില്ലെന്നതും സമവായത്തിലെ വിചിത്രമായ വ്യവസ്ഥകളിലൊന്നാണ്. മെത്രാന്മാർക്ക് അർപ്പിക്കാവുന്ന കുർബാന വിശ്വാസികൾക്കും മറ്റ് വൈദികർക്കും എന്തുകൊണ്ടാണ് നിഷേധിക്കുന്നതെന്ന് മാർ പാംപ്ലാനി വ്യക്തമാക്കണം. ഏകീകൃത കുർബാന ഷെഡ്യൂൾഡ് ടൈമിൽ അർപ്പിക്കാതെ ഉച്ചകഴിഞ്ഞ് 3:30 ന് നടത്താനുള്ള മൗനാനുവാദം സർകുലറിലൂടെ മാർ പാംപ്ലാനി നൽകിയത് വിശ്വാസികളെ അപമാനിക്കലാണ്. പൂർണ്ണമായും ഏകീകൃത കുർബാന നടക്കുന്ന പള്ളികളിൽ അതിരൂപത കൂരിയാഗങ്ങൾ നേരിട്ട് ഇടപെട്ട് ഇല്ലിസിറ്റ് കുർബാന നടത്താൻ പ്രേരിപ്പിക്കുന്നു. കൂടാതെ അസമയങ്ങളിൽ കുർബാന അനുവദിച്ചും, റൂബ്രിക്സ് അനുഷ്ടിക്കാതെയും, ബേമ (വചനപീഠം) ഉപയോഗിക്കാതെയും തോന്നിയപോലെയാണ് ഏകീകൃത കുർബാന അർപ്പണം നടത്തുന്നു. അനുസരിക്കാൻ കൂട്ടാക്കാത്ത ചില വികാരിമാർ സ്വയം കുർബാന അർപ്പിക്കാതെ സന്യാസസഭകളിലെ വൈദികരെ പണം നൽകികൊണ്ടുവന്നാണ് ഏകീകൃത കുർബാന നടത്തുന്നത്. ഏകീകൃത കുർബാനമാത്രമേ നടത്താൻ പാടൊള്ളൂയെന്ന് കോടതി വിധിയുള്ള 3 പള്ളികളിൽ നിയമിക്കപ്പെട്ടിരുന്ന അഡ്മിനിസ്ട്രേറ്റർമാരെ വിമത പക്ഷത്തിൻറെ ആവശ്യപ്രകാരം മാർ പാമ്പ്ലാനി മാറ്റി അവിടെ ജനാഭിമുഖbകുർബാന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്.
കൊരട്ടി പള്ളിയിൽ വളം കുംഭകോണത്തിൽ അഴിമതി നടത്തിയതിന് പ്രോസീക്യൂഷൻ നേരിടുന്നതും മാർ ബോസ്കോ പൂത്തൂർ ഇടവക ഭരണത്തിൽ നിന്നും പുറത്താക്കിയിരുന്നതുമായ ഫാ ജോസ് ഇടശ്ശേരിയെ എറണാകുളം മാതാ നഗർ പള്ളി വികാരിയും പബ്ലിക് സ്കൂളിൻറെ ഡയറക്ടറുമായാണ് നിയമിച്ചിരിക്കുന്നത്. ഇത്തരം കാരണങ്ങളാലാണ് അതിരൂപതാ നേതൃത്വത്തിൻറെ നിയമ വിരുദ്ധ സമവായത്തെ തള്ളിക്കളഞ്ഞതെന്നും സമരമുഖത്ത് തുടരുമെന്നും, മാർ റാഫേൽ തട്ടിലും ജോസഫ് പാമ്പ്ലാനിയും രാജിവച്ച് പുറത്തു പോകണമെന്നും ആവശ്യപ്പെടാൻ കാരണമെന്നു ഭാരവാഹികളായ മത്തായി മുതിരേന്തി, ജോസഫ് പി എബ്രഹാം, ടെൻസൻ പുളിക്കൽ, ക്യാപ്റ്റൻ ടോം ജോസഫ്, സിലിയ ആൻറണി എന്നിവർ പറഞ്ഞു.
Photo Courtesy - Google









