06:17pm 07 September 2026
NEWS
തൃശ്ശൂരിൽ വീണ്ടും വാഹനാപകടം; ബൈക്കിൽ കാർ ഇടിച്ച് ദമ്പതികളും മൂന്ന് വയസ്സുകാരനും മരിച്ചു
06/09/2026  05:51 AM IST
nila
തൃശ്ശൂരിൽ വീണ്ടും വാഹനാപകടം; ബൈക്കിൽ കാർ ഇടിച്ച് ദമ്പതികളും മൂന്ന് വയസ്സുകാരനും മരിച്ചു

കുന്നംകുളം: തൃശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ദമ്പതികളും ഇവരുടെ മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ–കുന്നംകുളം പാതയിൽ ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. 

വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്. ഫോൺ വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ ഇതേ ദിശയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന മൂവരും ഏകദേശം 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് ബൈക്ക് തെറിച്ചുവീണ് സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമറിനും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി കമ്പി പൊട്ടിവീണത് രക്ഷാപ്രവർത്തനത്തിനും തടസ്സമായി. സംഭവത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് വിവരം. പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

കയ്പമംഗലത്തെ ദുരന്തത്തിന് പിന്നാലെ വീണ്ടും മരണം

തൃശൂരിൽ തന്നെ വെള്ളിയാഴ്ച രാത്രിയുണ്ടായ മറ്റൊരു വാഹനാപകടത്തിൽ എട്ട് വിദ്യാർഥികളാണ് മരിച്ചത്. കയ്പമംഗലം പനമ്പിക്കുന്ന് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് വിദ്യാർഥികൾ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. ഡിണ്ടിഗലിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ വി. വിശ്വ, ജി. സന്തോഷ്, പ്രസന്ന, എം. മുരളീകൃഷ്ണൻ, ഐ. സൂര്യ, കെ. യുവസഞ്ജിത്, ജെ. ജോഷ്വ ഹിൽസൺ, എൻ. ജീവ എന്നിവരാണ് മരിച്ചത്.

പുതിയ കാർ വാങ്ങിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് സന്തോഷും സുഹൃത്തുക്കളും യാത്ര പുറപ്പെട്ടതെന്നാണ് വിവരം. എന്നാൽ സന്തോഷിന്റെ കാർ ലഭിക്കാത്തതിനാൽ ഒരു മാസം മാത്രം പഴക്കമുള്ള വാടകക്കാറിലായിരുന്നു സംഘം യാത്ര ചെയ്തിരുന്നത്. തുടർച്ചയായ രണ്ട് രാത്രികളിലുണ്ടായ അപകടങ്ങളിൽ തൃശൂരിൽ 11 പേരുടെ ജീവനാണ് നഷ്ടമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img