
കുന്നംകുളം: തൃശ്ശൂർ കുന്നംകുളത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായതായി സംശയിക്കുന്ന കൂട്ട ആത്മഹത്യാശ്രമത്തിൽ അച്ഛനും മകളും മരിച്ചു. പഴഞ്ഞി എംഡി കോളേജിന് സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന പ്രവാസിയായ സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യ ബീനയും മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഗൾഫിൽ ജോലി ചെയ്തിരുന്ന സിബി തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതകളാണ് കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സിബിയുടെ മൃതദേഹം വീട്ടിലെ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. അലീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
17-കാരനായ ആദിത്യൻ അപകടസാഹചര്യം മനസ്സിലാക്കി പോലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബീനയെയും ആദിത്യനെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.










