02:50pm 11 November 2026
NEWS
കൊല്ലത്ത് പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞെന്നാരോപിച്ച് തട്ടുകട അടിച്ചുതകർത്തു; ഉടമയ്ക്ക് വടിവാൾകൊണ്ട് കുത്തേറ്റു
11/11/2026  01:55 PM IST
nila
കൊല്ലത്ത് പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞെന്നാരോപിച്ച് തട്ടുകട അടിച്ചുതകർത്തു; ഉടമയ്ക്ക് വടിവാൾകൊണ്ട് കുത്തേറ്റു

കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പുകുറവാണെന്ന് ആരോപിച്ച് തട്ടുകടയിൽ അക്രമം. കൊല്ലം കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിലാണ് സംഭവം. ചായ കുടിക്കാനെത്തിയ രണ്ടുപേർ ജീവനക്കാരനെ മർദിക്കുകയും കടയിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. തടയാനെത്തിയ കടയുടമയെ വടിവാൾകൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പെരുമ്പുഴയിലെ 'ടീ മെറ്റ്' എന്ന കടയിൽ അക്രമസംഭവം ഉണ്ടായത്.

കൊള്ളി നിയാസ്, സുഹൃത്ത് ജാക്സൺ എന്നിവരാണ് അക്രമം നടത്തിയതെന്നാണ് പരാതി. കടയിലെത്തി ചായയും പരിപ്പുവടയും കഴിച്ച ഇരുവരും വടയ്ക്ക് ഉപ്പുകുറവാണെന്ന് പറഞ്ഞ് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങി. കടയിലെ ജീവനക്കാരനായ മോഹനനെ ഇരുവരും ചേർന്ന് മർദിച്ചു. ഇതിനിടെ കടയിലുണ്ടായിരുന്ന എണ്ണ മോഹനന്റെ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു.

അക്രമം കണ്ട് തടയാനെത്തിയ നാട്ടുകാരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ജീവനക്കാരനെ മർദിക്കുന്നത് കണ്ട് ഓടിയെത്തിയ കടയുടമ നാസിമിനെ നിയാസ് വടിവാൾകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. പിന്നാലെ കടയിലെ ഉപകരണങ്ങളും മറ്റ് സാധനങ്ങളും അടിച്ചുതകർത്തു.

പരുക്കേറ്റ മോഹനനെയും നാസിമിനെയും നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മോഹനന്റെ വാരിയെല്ലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കടയുടമയും ജീവനക്കാരും കൊട്ടിയം പൊലീസിൽ പരാതി നൽകി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് നിയാസും ജാക്സണുമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കേസെടുത്ത കൊട്ടിയം പൊലീസ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img