08:07am 29 April 2026
NEWS
കുമാരസ്വാമി കർണാടക രാഷ്ട്രീയത്തിലേക്ക്: കേന്ദ്രമന്ത്രിസ്ഥാനം നിലനിർത്തുമോ, ഒഴിവാക്കുമോ?
17/01/2026  11:13 AM IST
വിഷ്ണുമംഗലം കുമാർ
കുമാരസ്വാമി കർണാടക രാഷ്ട്രീയത്തിലേക്ക്: കേന്ദ്രമന്ത്രിസ്ഥാനം നിലനിർത്തുമോ, ഒഴിവാക്കുമോ

കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി കർണാടക രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ഒരുക്കപ്പാടിലാണ്. മന്ത്രി കൃഷ്ണൻകുട്ടി, മാത്യു ടി തോമസ് എന്നീ രണ്ട് എംഎൽഎമാരുള്ള കേരള ഘടകം വിട്ടുപോയതോടെ കർണാടക ആസ്ഥാനമായുള്ള ജെഡിഎസ് പ്രാദേശിക പാർട്ടിയായി ചുരുങ്ങിക്കഴിഞ്ഞു. പുതുതായി രൂപംകൊണ്ട ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിലാണ് കേരളഘടകം ലയിച്ചത്. കർണാടകത്തിൽ തന്നെ ജെഡിഎസ് ഗുരുതരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ബിജെപിയുമായി ബന്ധമുണ്ടാക്കിയാണ് ആ പ്രശ്നം പരിഹരിച്ചത്.നിലവിൽ കുമാരസ്വാമി സ്റ്റീൽ ഘനവ്യവസായ വകുപ്പുകളാണ് കേന്ദ്രത്തിൽ കൈകാര്യം ചെയ്യുന്നത്. ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുമുണ്ട്. അതൊക്കെകൊണ്ട് ജെഡിഎസ്സിന്റെ കർണാടക കാര്യങ്ങളിൽ അദ്ദേഹത്തിന് വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ല. ബിജെപിയും സംസ്ഥാനത്ത് ദുർബലമാണ്. പാർട്ടിയെ നയിക്കാൻ തലയെടുപ്പും പൊതുസമ്മതിയുമുള്ള നേതാക്കളില്ല എന്ന പ്രശ്നമുണ്ട്. പാർട്ടിയുടെ അധ്യക്ഷ പദവി വഹിക്കുന്ന വിജയേന്ദ്രയെ ഒരുവിഭാഗം നേതാക്കളും അണികളും അംഗീകരിക്കുന്നില്ല. അദ്ദേഹത്തെ മാറ്റാൻ ദേശീയ നേതൃത്വം തയ്യാറാവുന്നുമില്ല. പുതുതായി രൂപീകരിച്ച ബംഗളുരുവിലെ അഞ്ച് നഗരസഭകളിലേക്ക് ഏതാനും മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കും. അവ പിടിക്കേണ്ടത് പ്രതിപക്ഷത്തിരിക്കുന്ന ബിജെപി- ജെഡിഎസ് കൂട്ടുകെട്ടിന്റെ ആവശ്യമാണ്. എന്നാൽ ബംഗളുരു നഗരസഭകൾ വരുത്തിയിലാക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മെനയുന്നത്. അവരെ നേരിടാൻ കരുത്തനായ ഒരു നേതാവ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിന്തിക്കുന്നുണ്ട്. മാത്രവുമല്ല 2028 ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കുമാരസ്വാമിയെ ഉയർത്തിക്കാട്ടാനാണ് ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗളുരു നഗരസഭകൾ പിടിക്കുകയാണ് ബിജെപിയുടെയും ജെഡിഎസ്സിന്റെയും ലക്ഷ്യം. മുംബൈ കോർപറേഷനിൽ ബിജെപി നേടിയ തകർപ്പൻ വിജയം രണ്ടു കക്ഷികളെയും പ്രചോദിപ്പിക്കുന്നുണ്ട്. ബംഗളുരു നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ നേതൃത്വമേറ്റെടുക്കാൻ  ബിജെപി ദേശീയ നേതൃത്വം കുമാരസ്വാമിയോട് ആവശ്യപ്പെട്ടേക്കും. കർണാടക രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താല്പര്യം കുമാരസ്വാമി ഈയിടെ പ്രകടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം നിലനിർത്തിക്കൊണ്ടാണോ അതല്ല ഒഴിവാക്കിയാണോ കുമാരസ്വാമി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക എന്നേ അറിയേണ്ടതുള്ളൂ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img