
ബെംഗളൂരു: നഗരത്തിന്റെ ചരിത്രവും പൈതൃകവും ഇഴചേർന്നുനിൽക്കുന്ന കുമാരകൃപ ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് പുതിയ പേര്. കുമാരകൃപയുടെ പഴയ കെട്ടിടം ‘ഗംഗ’ എന്ന് പുനർനാമകരണം ചെയ്ത് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഔദ്യോഗിക വസതിയായി സർക്കാർ പ്രഖ്യാപിച്ചു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
മുഖ്യമന്ത്രിയെ സന്ദർശിക്കാനെത്തുന്നവരെ സ്വീകരിക്കുക, പൊതുജനങ്ങളുടെ പരാതികൾ കേൾക്കുക, പരാതികളും അനുബന്ധ രേഖകളും ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കും കെട്ടിടം പ്രധാനമായും ഉപയോഗിക്കുക. ഔദ്യോഗിക യോഗങ്ങൾക്കും മറ്റ് പരിപാടികൾക്കും ഇവിടെ സൗകര്യമൊരുക്കും.
ഇന്നലെ ശിവകുമാറും കുടുംബവും പുതിയ വസതിയിൽ പ്രത്യേക പൂജ നടത്തി. വസതി പൂർണമായും സജ്ജമായിട്ടില്ലെന്നും ശുഭദിനമായതിനാലാണ് പൂജ നടത്തിയതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു
ബെംഗളൂരുവിലെ കുമാരകൃപയ്ക്ക് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രമുണ്ട്. 1856-ലാണ് ഇതിന്റെ പ്രധാന കൽക്കെട്ടിടം നിർമിച്ചതെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. 1960-ൽ കൂടുതൽ മുറികൾ കൂട്ടിച്ചേർത്തു. പഴയ മൈസൂർ രാജ്യത്തെ പ്രമുഖ ദിവാനും ഭരണപരിഷ്കർത്താവുമായിരുന്ന സർ കെ. ശേഷാദ്രി അയ്യരുടെ ഓർമകളുമായി ഈ കെട്ടിടത്തിന് ബന്ധമുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ഒരിക്കൽ ഇവിടെ താമസിച്ചിട്ടുണ്ട്.
പിൽക്കാലത്ത് കർണാടക സർക്കാരിന്റെ അതിഥിമന്ദിരമായി മാറിയ കുമാരകൃപയിൽ വിവിധ കാലഘട്ടങ്ങളിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും താമസിച്ചിട്ടുണ്ട്.1992 ൽ മുഖ്യമന്ത്രിയായിരുന്ന ബംഗാരപ്പയ്ക്ക് എതിരെ അഴിമതിയാരോപണം ഉയർന്നപ്പോൾ ഹൈക്കമാണ്ട് നിരീക്ഷകനായി എത്തിയ എ കെ ആന്റണിയെ കേരളശബ്ദം കണ്ടത് കുമാരകൃപയിൽ വെച്ചാണ്. അദ്ദേഹം അവിടെ യായിരുന്നു താമസം. കർണാടകത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന നേതാവ് നിജലിംഗപ്പ, ബിജെപി ദേശീയ അധ്യക്ഷനായിരുന്ന, പിന്നീട് പ്രധാനമന്ത്രിയായ അടൽ വിഹാരി വാജ്പേയ്, എൽ കെ അദ്വാനി തുടങ്ങിയ പല പ്രമുഖ ദേശീയ നേതാക്കളെയും കേരളശബ്ദം ഇന്റർ വ്യൂ ചെയ്തത് ഈ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു. ബെംഗളൂരുവിന്റെ ചരിത്രപരമായ കെട്ടിടങ്ങളിൽ ശ്രദ്ധേയമായ സ്ഥാനമാണ് കുമാരകൃപയ്ക്കുള്ളത്.
കുമാരകൃപയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കി മാറ്റാനുള്ള നവീകരണ നടപടികൾ നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി മാറ്റങ്ങൾ വരുത്തുന്നത് പൈതൃകത്തോടുള്ള അനാദരവാണെന്നായിരുന്നു ബിജെപിയുടെയും ജെഡിഎസിന്റെയും വിമർശനം.
അതേസമയം, കെട്ടിടത്തിന്റെ പൈതൃകസ്വഭാവം നിലനിർത്തിക്കൊണ്ടാണ് നവീകരണം നടത്തിയതെന്ന നിലപാടാണ് ശിവകുമാർ സ്വീകരിച്ചത്.
കുമാരകൃപയ്ക്ക് പകരം ഇനി ‘ഗംഗ’ എന്ന പേരിൽ പുതിയ ഔദ്യോഗിക പദവിയിലേക്ക് മാറുമ്പോൾ, ബെംഗളൂരുവിന്റെ ചരിത്രസ്മാരകങ്ങളിലൊന്നിന്റെ പുതിയ അധ്യായം കൂടിയാണ് ആരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയെന്ന പുതിയ ഉത്തരവാദിത്വത്തിനൊപ്പം കെട്ടിടത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കപ്പെടുമോ എന്നതും ശ്രദ്ധേയമാണ്.
Photo Courtesy - Google











