
ഭീകരർക്ക് സഹായമൊരുക്കിയതിന് സുരക്ഷാ സൈനികർ പിടികൂടിയ യുവാവ് രക്ഷപെടാൻ ശ്രമിക്കവെ നദിയിൽ മുങ്ങി മരിച്ചു, ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ഇംത്യാസ് അഹമ്മദ് മഗ്രേ (23) എന്നയാളാണ് വെഷാവ് നദിയിൽ മുങ്ങിമരിച്ചത്. ഇയാൾ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന്റെ പേരിലാണ് പിടിയിലായത്.
ശനിയാഴ്ചയാണ് മഗ്രേയെ പൊലീസ് പിടികൂടിയത്. കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി സമ്മതിച്ച ഇയാൾ, ഭീകരരുടെ ഒളിത്താവളം കാട്ടിത്തരാമെന്നും പറയുകയായിരുന്നു. ഞായറാഴ്ച രാവിലെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പൊലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ ഇയാൾ, പാറക്കെട്ടിനു മുകളിൽനിന്നു നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെഷാവ് നദിയിലേക്ക് ചാടിയ ഇംത്യാസ്, നീന്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ശക്തമായ അടിയൊഴുക്കിനെ തുടർന്നു മുങ്ങിത്താഴുകയായിരുന്നു.











