12:27am 19 November 2026
NEWS
മസ്ജിദിൽ ഒളിച്ച ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ചു; കൊല്ലപ്പെട്ടത് തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരൻ
18/11/2026  12:40 PM IST
nila
മസ്ജിദിൽ ഒളിച്ച ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ചു; കൊല്ലപ്പെട്ടത് തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരൻ

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡർ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. സങ്കൽപോറ മേഖലയിലെ മസ്ജിദിനുള്ളിൽ ഒളിച്ചിരുന്ന ഇയാളെ സുരക്ഷാ സേന വധിക്കുകയായിരുന്നു. കശ്മീർ താഴ്‌വരയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ലഷ്കർ ഭീകരനെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തിയിരുന്ന ലത്തീഫ് ഭട്ടിന്റെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ലത്തീഫ് ഭട്ട് പ്രദേശത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാ സേനയും ജമ്മു കശ്മീർ പോലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചത്. ബുധനാഴ്ച രാവിലെ തിരച്ചിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. മസ്ജിദിനുള്ളിൽ കുടുങ്ങിയ ഭട്ടിനോട് ഒൻപത് റൈഫിൾസ് കമാൻഡിങ് ഓഫീസറും കുൽഗാം എസ്.എസ്.പി അനയാത്ത് അലിയും വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല.

സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ അല്ലാഹുവിനെ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിൽ സന്തോഷവാനാണെന്നുമായിരുന്നു ഭട്ടിന്റെ പ്രതികരണം. മസ്ജിദിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സൈന്യം പരമാവധി സംയമനം പാലിച്ചെങ്കിലും ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുന്നത് തുടർന്നു. തുടർന്നാണ് സേനയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ചെക്ക്‌പോസ്റ്റ് ആക്രമണത്തിന് പിന്നിലെ പ്രധാനി

നവംബർ 11-ന് കുൽഗാമിലെ അഖ്‌റാനിൽ സി.ആർ.പി.എഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ലത്തീഫ് ഭട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. വെറും 15 സെക്കൻഡിനുള്ളിൽ 30 റൗണ്ട് വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുന്ന 'ഷൂട്ട് ആൻഡ് സ്കൂട്ട്' രീതിയായിരുന്നു ഇയാൾ പിന്തുടർന്നിരുന്നത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വെടിയുണ്ടത്തൊണ്ടുകൾ മുൻ ആക്രമണങ്ങളുമായി സാമ്യമുള്ളതായും കണ്ടെത്തിയിരുന്നു.

ആക്രമണത്തിന് തൊട്ടുമുൻപ് നവംബർ 10-ന് ലത്തീഫ് ഭട്ടും കൂട്ടാളി ഉമർ നിസാർ ദാറും മിർ ബസാർ, അഖ്‌റാൻ, ഹബ്ലിഷ്, കിലാം തുടങ്ങിയ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ ആറുമാസമായി ഭട്ടിന് ഒളിത്താവളവും മറ്റ് സഹായങ്ങളും ഒരുക്കിയിരുന്നത് ഉമർ നിസാർ ദാറായിരുന്നു. തിങ്കളാഴ്ച നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഇയാളും കൊല്ലപ്പെട്ടിരുന്നു.

നിരവധി ആക്രമണങ്ങളിൽ പങ്കെന്ന് ആരോപണം

കശ്മീരിൽ നടന്ന നിരവധി കൊലപാതകങ്ങളിലും ഭീകരാക്രമണങ്ങളിലും ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ജൂലൈ 22-ന് അനന്ത്നാഗിൽ പോലീസുകാരൻ കൊല്ലപ്പെട്ട ആക്രമണത്തിലും ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് അതിഥിത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിലും ഇയാളുടെ പങ്ക് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സുരക്ഷാ ഏജൻസികളുടെ പ്രധാന ലക്ഷ്യങ്ങളിലൊരാളായി ഭട്ട് മാറിയത്.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഭീകരപ്രവർത്തനത്തിലേക്ക്

കുൽഗാം സ്വദേശിയായ ലത്തീഫ് ഭട്ട് അഷ്മുജി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയിരുന്നു. പിന്നീട് കുൽഗാം ഗവൺമെന്റ് ഡിഗ്രി കോളേജിൽ പ്രവേശനം നേടിയെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് ഖ്രേവാനിലെ ഒരു ബീഡിങ് മെഷീൻ യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.

2025 നവംബർ 19-നാണ് ഇയാളെ കാണാതായത്. പിന്നീട് സാക്കിർ അഹമ്മദ് എന്ന ഭീകരനുമായി ബന്ധം സ്ഥാപിച്ച് തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായി. ലഷ്കർ-ഇ-തൊയ്ബയുടെ പ്രോക്സി സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിലും ഇയാൾ പ്രവർത്തിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ സാക്കിർ ഗനായി കൊല്ലപ്പെട്ടപ്പോൾ ലത്തീഫ് ഭട്ട് രക്ഷപ്പെട്ടിരുന്നു. പാകിസ്താനിലെ ഭീകരസംഘങ്ങളുമായി ബന്ധമുള്ള ഹാൻഡ്‌ലർമാരുടെയും ഓവർഗ്രൗണ്ട് വർക്കർമാരുടെയും സഹായത്തോടെയാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 15 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img