09:18am 24 October 2026
NEWS
തുടർച്ചയായ അഞ്ചാം വർഷവും ലോകത്തെ മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടി കുഫോസ് ശാസ്ത്രജ്ഞൻ
13/10/2026  08:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തുടർച്ചയായ അഞ്ചാം വർഷവും ലോകത്തെ മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടി കുഫോസ് ശാസ്ത്രജ്ഞൻ
HIGHLIGHTS

Dr Rajeev Raghavan

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (KUFOS) ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജീവ് രാഘവൻ, ലോകത്തെ മികച്ച 2% ശാസ്ത്രജ്ഞരുടെ എൽസെവിയർ–സ്കോപ്പസ് പട്ടികയിൽ തുടർച്ചയായ അഞ്ചാം വർഷവും ഇടംനേടി. 2021 മുതൽ തുടർച്ചയായി അദ്ദേഹം ഈ ആഗോള പട്ടികയിൽ ഇടംപിടിച്ചുവരുന്നു.

നേച്ചർ ഉൾപ്പെടെയുള്ള പ്രമുഖ ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങളടക്കം 200-ലധികം ശാസ്ത്രപ്രസിദ്ധീകരണങ്ങളും 7,000-ത്തിലധികം സൈറ്റേഷനുകളും അദ്ദേഹത്തിന്റെ ഗവേഷണസംഭാവനകളുടെ ഭാഗമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ വർഗീകരണം, സിസ്റ്റമാറ്റിക്സ്, സംരക്ഷണം എന്നീ മേഖലകളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ശുദ്ധജല മത്സ്യങ്ങളെയും മറ്റ് ജലജീവികളെയും സംബന്ധിച്ച് 25-ലധികം പുതിയ സ്പീഷീസുകൾ, ആറ് പുതിയ ജനുസ്സുകൾ, രണ്ട് പുതിയ കുടുംബങ്ങൾ എന്നിവയെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്.
മത്സ്യജീവശാസ്ത്രത്തിലും ഫിഷറീസിലും അസാധാരണമായ സംഭാവനകൾ നൽകിയ ഗവേഷകർക്ക് ഫിഷറീസ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് ഐൽസ് നൽകുന്ന  അന്താരാഷ്ട്ര പുരസ്‌കാരമായ എഫ്.എസ്.ബി.ഐ. മെഡൽ നേടിയിട്ടുള്ള ഏക ഏഷ്യൻ ശാസ്ത്രജ്ഞനും ഡോ രാജീവ് രാഘവനാണ്.

ആഗോള റാങ്കിങ്ങിൽ തുടർച്ചയായി ഇടംനേടുന്നത്, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ ജലജൈവവൈവിധ്യത്തിന്റെ രേഖപ്പെടുത്തലിനും സംരക്ഷണത്തിനും രാജീവ് രാഘവൻ നൽകുന്ന സംഭാവനകളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള പ്രസക്തിയുണ്ടെന്നും കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ പറഞ്ഞു.  

സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പട്ടിക എന്നറിയപ്പെടുന്ന ഈ റാങ്കിങ്, ശാസ്ത്രഗവേഷണങ്ങളുടെ സ്വാധീനം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളനുസരിച്ചുള്ള  സൂചികകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകരെ തിരഞ്ഞെടുക്കുന്നത്. ഡോ രാജീവ് രാഘവനൊപ്പം കേരളത്തിലെ വിവിധ സർവകലാശാലകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള  നൂറോളം  ശാസ്ത്രജ്ഞർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img