
ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി ഇ അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) 2040-ഓടെ ലോകോത്തര ബഹുവിഷയ വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനമായി (MERU) വളരുന്നതിനുള്ള സമഗ്ര വികസനരേഖയായ ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെന്റ് പ്ലാൻ (IDP) 2025–2040 പ്രകാശനം ചെയ്തു. മത്സ്യബന്ധനം, അക്വാകൾച്ചർ, സമുദ്രശാസ്ത്രം, ബ്ലൂ ഇക്കോണമി എന്നീ മേഖലകളിൽ ഇന്ത്യയിലെ പ്രമുഖ വിജ്ഞാനകേന്ദ്രമായി കുഫോസിനെ ഉയർത്തുകയാണ് ഈ വികസനരേഖയുടെ ലക്ഷ്യം.
സർവകലാശാലാ മുഖ്യ ഓഡിറ്റോറിയത്തിൽ നടന്ന "Celebrating Excellence, Shaping the Future" പരിപാടിയിൽ കേരള മത്സ്യബന്ധന വകുപ്പ് മന്ത്രിയും കുഫോസ് പ്രോ-ചാൻസലറുമായ അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ വികസനരേഖ പ്രകാശനം ചെയ്തു.
പരിപാടിയിൽ 2025-ലെ SciRank Global Scientist Index പ്രകാരം ലോകത്തെ മുൻനിര അഞ്ച് ശതമാനം ശാസ്ത്രജ്ഞരിൽ ഇടം നേടിയ കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജു കുമാറിനെയും. സർവകലാശാലയിലെ അധ്യാപകരായ ഡോ. രാജീവ് രാഘവൻ, ഡോ. ഗിരീഷ് ഗോപിനാഥ്, ഡോ. രാധിക രാജശ്രീ, ഡോ. അഭിലാഷ് ശശിധരൻ എന്നിവരെയും ആദരിച്ചു. ചടങ്ങിൽ അഡ്വ. ദീപക് ജോയ് എം.എൽ.എ., മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എന്നിവർ പങ്കെടുത്തു. സ്ഥാപന വികസന രേഖയുടെ ദർശനവും രൂപരേഖയും വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ അവതരിപ്പിച്ചു.
യുജിസിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെന്റ് പ്ലാൻ മാർഗനിർദേശങ്ങൾ, ദേശീയ വിദ്യാഭ്യാസ നയം (NEP 2020), സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs), ബ്ലൂ ഇക്കോണമി, മിഷൻ സമുദ്ര, വിക്സിത് ഭാരത് എന്നീ ദേശീയ-ആഗോള വികസന ദർശനങ്ങളോട് ചേർന്നാണ് വികസനരേഖ തയ്യാറാക്കിയിരിക്കുന്നത്. അടുത്ത പതിനഞ്ച് വർഷത്തേക്കുള്ള അക്കാദമിക മികവ്, ഗവേഷണ നേതൃത്വം, നവീകരണം, സുസ്ഥിര വികസനം, ആഗോള സഹകരണം എന്നിവയ്ക്കുള്ള സമഗ്ര റോഡ്‌മാപ്പാണ് ഈ രേഖ.
മത്സ്യബന്ധനം, അക്വാകൾച്ചർ, സമുദ്രശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹ്യശാസ്ത്രം, പൊതുനയം എന്നിവയെ സംയോജിപ്പിച്ചുള്ള ബഹുവിഷയ അധ്യാപന-ഗവേഷണ മാതൃകയിലൂടെ തീരദേശ സമൂഹങ്ങളുടെ ശാക്തീകരണത്തിനും സുസ്ഥിര ബ്ലൂ ഇക്കോണമിയുടെ വികസനത്തിനും ആഗോള നേതൃത്വം നൽകുന്ന സർവകലാശാലയായി കുഫോസിനെ വളർത്തുകയെന്നതാണ് പദ്ധതിയുടെ ദർശനം.
എട്ട് സുപ്രധാന വികസന ഘടകങ്ങളെയാണ് പദ്ധതി അടിസ്ഥാനമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സുതാര്യ ഭരണസംവിധാനം, വിവിധ വരുമാന സ്രോതസുകളിലൂടെ സാമ്പത്തിക സ്വയംപര്യാപ്തത, ബഹുവിഷയ വിദ്യാഭ്യാസം, ഗവേഷണ മികവ്, പേറ്റന്റുകൾ, സാങ്കേതികവിദ്യ കൈമാറ്റം, മാനവവിഭവശേഷി വികസനം, ദേശീയ-അന്തർദേശീയ സഹകരണങ്ങൾ, ആധുനിക ലബോറട്ടറികൾ, ഗവേഷണ കപ്പലുകൾ, സുസ്ഥിര അടിസ്ഥാനസൗകര്യങ്ങൾ, സമഗ്ര ഡിജിറ്റൽ പരിവർത്തനം, ERP സംവിധാനങ്ങൾ, AI അധിഷ്ഠിത ഭരണസംവിധാനം എന്നിവ ഉൾപ്പെടുന്ന വികസന ലക്ഷ്യങ്ങളാണ് ഇതിലുള്ളത്.
ബ്ലൂ ഇക്കോണമി ആൻഡ് കോസ്റ്റൽ സസ്റ്റൈനബിലിറ്റി, അക്വാറ്റിക് ബയോഡൈവേഴ്സിറ്റി, വെറ്റ്‌ലാൻഡ്സ് ആൻഡ് വൺ ഹെൽത്ത്, മറൈൻ ബയോടെക്നോളജി ആൻഡ് ജീനോമിക്സ്, ഡിജിറ്റൽ ഓഷ്യൻ സയൻസസ് ആൻഡ് ക്ലൈമറ്റ് അനലിറ്റിക്സ്, ബ്ലൂ സ്കിൽസ്, എന്റർപ്രണർഷിപ്പ് ആൻഡ് കമ്മ്യൂണിറ്റി ഇന്നൊവേഷൻ എന്നീ അഞ്ച് സെന്റേഴ്സ് ഓഫ് എക്സലൻസ് സ്ഥാപിക്കാനും പദ്ധതി നിർദേശിക്കുന്നു. സമൂഹത്തിന് പ്രയോജനപ്പെടുന്ന വിജ്ഞാനസൃഷ്ടി, മത്സ്യമേഖലാ ഭരണനിർവഹണത്തിന് ശാസ്ത്രീയ പിന്തുണ, സുസ്ഥിര സമുദ്ര വികസനം എന്നിവയ്ക്ക് ഇത് ശക്തമായ അടിത്തറയാകും.
വികസനരേഖ പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ, കേരളത്തിന്റെ ബ്ലൂ ഇക്കോണമി വികസന സ്വപ്നങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നതിനൊപ്പം കുഫോസിനെ ആഗോള നിലവാരത്തിലുള്ള സർവകലാശാലയാക്കി ഉയർത്താൻ ഈ വികസനരേഖ വഴികാട്ടിയാകുമെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് അതിന് വേണ്ടുന്ന എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും പറഞ്ഞു. ഗവേഷണ മികവ്, അന്തർദേശീയ സഹകരണം, നവീകരണം, സാങ്കേതികവിദ്യ കൈമാറ്റം, തൊഴിൽയോഗ്യത, സാമൂഹിക പങ്കാളിത്തം എന്നിവയിൽ ഗണ്യമായ മുന്നേറ്റം കൈവരിച്ച് കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് നേതൃത്വം നൽകുന്ന വിജ്ഞാനകേന്ദ്രമായി കുഫോസ് മാറുമെന്ന് സർവകലാശാല പ്രതീക്ഷ പ്രകടിപ്പിച്ചു.
2040-ഓടെ പ്രതീക്ഷിക്കുന്ന പ്രധാന നേട്ടങ്ങൾ:
1. മത്സ്യബന്ധനം, അക്വാകൾച്ചർ, സമുദ്രശാസ്ത്രം, ബ്ലൂ ഇക്കോണമി മേഖലകളിൽ ആഗോള അംഗീകാരമുള്ള ലോകോത്തര ബഹുവിഷയ വിദ്യാഭ്യാസ- ഗവേഷണ സർവകലാശാല (MERU).
2. ബ്ലൂ ഇക്കോണമി വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, നയരൂപീകരണം എന്നിവയിൽ ഇന്ത്യയുടെ പ്രധാന വിജ്ഞാനകേന്ദ്രം.
3. ദേശീയ മത്സ്യനയ രൂപീകരണത്തിനുള്ള ചിന്താകേന്ദ്രവും സർക്കാരുകളുടെയും അന്തർദേശീയ സ്ഥാപനങ്ങളുടെയും വിശ്വസ്ത വിജ്ഞാന പങ്കാളിയും.
4. ഗവേഷണ-നവീകരണ അധിഷ്ഠിത സർവകലാശാല; സംരംഭകത്വം, സാങ്കേതികവിദ്യ കൈമാറ്റം, ഉയർന്ന തൊഴിൽയോഗ്യത എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനം.
5. ലോകമെമ്പാടുമുള്ള മികച്ച വിദ്യാർത്ഥികളെയും ഗവേഷകരെയും അധ്യാപകരെയും ആകർഷിക്കുന്ന അന്തർദേശീയ വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രം.
6. സമൂഹാധിഷ്ഠിത വികസനത്തിലും ശേഷി വികസനത്തിലും അളക്കാവുന്ന സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്ന സുസ്ഥിര വികസന മാതൃക.
7. കാർബൺ ന്യൂട്രൽ, പരിസ്ഥിതി സൗഹൃദ, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള സ്മാർട്ട് ക്യാമ്പസുകൾ.
8. സാമ്പത്തികമായി സ്വയംപര്യാപ്തവും ഡിജിറ്റൽ സാങ്കേതികവിദ്യകളാൽ സമഗ്രമായി ഏകോപിപ്പിക്കപ്പെട്ടതുമായ ലോകോത്തര ഭരണ സംവിധാനമുള്ള സർവകലാശാല.
Photo Courtesy - Google










