
Dr. Anu Gopinath
ധ്രുവസമുദ്രങ്ങളിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ഗവേഷണം അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിച്ച് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) അധ്യാപികയും ഗവേഷകയുമായ പ്രൊഫസർ ഡോ. അനു ഗോപിനാഥ്. ഐസ്ലൻഡിലെ റെയ്ക്യാവിക്കിൽ ഒക്ടോബർ 20 മുതൽ 22 വരെ നടന്ന അറ്റ്ലാന്റിക് പ്ലാസ്റ്റിക്സ് 2026 അന്താരാഷ്ട്ര സിമ്പോസിയത്തിലാണ് ഗവേഷണപ്രബന്ധം അവതരിപ്പിച്ചത്.
ദക്ഷിണ സമുദ്രത്തിലെയും ആർട്ടിക് മേഖലയിലെയും മൈക്രോപ്ലാസ്റ്റിക്കുകളുടെ വിതരണം, സവിശേഷതകൾ, അവയുടെ സഞ്ചാരപാതകൾ എന്നിവ താരതമ്യപഠനത്തിലൂടെ വിലയിരുത്തുന്നതാണ് ഗവേഷണം. ധ്രുവസമുദ്ര പരിസ്ഥിതികളിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വ്യാപ്തിയും വ്യാപനരീതികളും മനസ്സിലാക്കാൻ പഠനം സഹായകമാണ്.ഐസ്ലൻഡ് സർക്കാരിന്റെ ആതിഥേയത്വത്തിൽ നടന്ന സിമ്പോസിയത്തിൽ സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണം, പരിസ്ഥിതി സംരക്ഷണം, ശാസ്ത്രീയ ഗവേഷണം, അന്താരാഷ്ട്ര സഹകരണം എന്നിവ ചർച്ചയായി. ഐസ്ലാൻഡിക് ആർട്ടിക് കോ-ഓർഡിനേഷൻ നെറ്റ്വർക്ക്, യുനെസ്കോ, ആർട്ടിക് സമുദ്ര പരിസ്ഥിതി സംരക്ഷണ സമിതി (PAME), സമുദ്രപര്യവേക്ഷണത്തിനായുള്ള അന്താരാഷ്ട്ര സമിതി (ICES) തുടങ്ങിയവരാണ് സംഘാടകർ.
മൂന്ന് ആർട്ടിക് പര്യവേഷണങ്ങളിൽ പങ്കെടുത്തിട്ടുള്ള ഡോ. അനു ഗോപിനാഥ്, നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചുമായി (NCPOR) സഹകരിച്ചാണ് ധ്രുവമേഖലകളിലെ ഗവേഷണം തുടരുന്നത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സാമ്പത്തിക പിന്തുണയോടെയാണ് ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നത്.ധ്രുവസമുദ്രങ്ങളിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യവും സഞ്ചാരപാതകളും സംബന്ധിച്ച പഠനങ്ങൾ സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ശാസ്ത്രീയ നടപടികൾക്ക് വഴിയൊരുക്കുന്നതിനും പ്രാധാന്യമർഹിക്കുന്നു.
Photo Courtesy - Google








