
കുഫോസിൽ നടന്ന ഇന്റർനാഷണൽ വർക് ഷോപ്പിൽ നിന്ന്
ഇന്ത്യയുടെ ഏറ്റവും സുപ്രധാന ശുദ്ധജല മത്സ്യത്തിനായി സംരക്ഷണ പ്രവർത്തന പദ്ധതി തയ്യാറാക്കുന്നുഇന്ത്യയിലെ ഏറ്റവും സുപ്രധാന ശുദ്ധജല മത്സ്യങ്ങളിലൊന്നായ ഹമ്പ്ബാക്ക്ഡ് മഹ്സീർ (Tor remadevii) സംരക്ഷിക്കുന്നതിനുള്ള സമഗ്ര പ്രവർത്തന പദ്ധതി രൂപീകരിക്കുന്നതിനായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) അന്താരാഷ്ട്ര കൺസൾട്ടേറ്റീവ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മഹ്സീർ ട്രസ്റ്റ് (യുകെ), ബോർൺമൗത്ത് സർവകലാശാല (യുകെ), കേരള സംസ്ഥാന വനം വകുപ്പ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് വർക്ക്ഷോപ്പ് നടന്നത്.ഏകദേശം 60 കിലോഗ്രാം വരെ ഭാരമെത്തുന്ന ഹമ്പ്ബാക്ക്ഡ് മഹ്സീർ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിലൊന്നാണ്. ലോകത്ത് തന്നെ ഐയൂസിഎൻ റെഡ് ലിസ്റ്റിൽ ‘ക്രിറ്റിക്കലി എൻഡേഞ്ചേർഡ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏക മഹ്സീർ ഇനമാണിത്. കേരളത്തിൽ ചിന്നാർ വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം, അട്ടപ്പാടി റിസർവ് വനമേഖലകൾ എന്നിവയിലെ പരിമിതമായ കാട്ടുപ്രദേശങ്ങളിലാണ് ഈ മത്സ്യം ഇപ്പോൾ കണ്ടുവരുന്നത്.ആവാസവ്യവസ്ഥയുടെ നാശം, ജല മലിനീകരണം, അനധികൃത വേട്ട തുടങ്ങിയ നിരവധി ഭീഷണികളുടെ ഫലമായി കഴിഞ്ഞ 100 വർഷത്തിനിടെ ഈ ഇനത്തിന്റെ പ്രാദേശിക ജനസംഖ്യ 90 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ഇതിന്റെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനായി അടിയന്തരമായി ശാസ്ത്രീയവും ഭരണപരവുമായ സംരക്ഷണ നടപടികൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടു വച്ചു .കഴിഞ്ഞ 12 വർഷമായി കുഫോസും ബോർൺമൗത്ത് സർവകലാശാലയും ചേർന്ന് ഹമ്പ്ബാക്ക്ഡ് മഹ്സീറിന്റെ വർഗ്ഗീകരണം, ജൈവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ സമഗ്രമായ ഗവേഷണങ്ങൾ നടത്തി അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഈ ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കി പ്രായോഗികവും ദീർഘകാലവുമായ സംരക്ഷണ പ്രവർത്തന പദ്ധതി രൂപപ്പെടുത്തുക എന്നതാണ് ഈ അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം.കേരളത്തിന്റെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ, വിവിധ സംരക്ഷിത വനമേഖലകളിലെ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർമാർ, വാർഡൻമാർ, വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII), ബോർൺമൗത്ത് സർവകലാശാല, കുഫോസ് എന്നിവിടങ്ങളിലെ പ്രതിനിധികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. വംശനാശ ഭീഷണി നേരിടുന്ന ഈ സ്പീഷിസിനെ സംരക്ഷിക്കുന്നതിനായി സഹകരണത്തോടെയുള്ള നയതന്ത്രപദ്ധതി രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും വിശദമായ ചർച്ചകൾ നടന്നു.“ഹമ്പ്ബാക്ക്ഡ് മഹ്സീർ കേരളത്തിന്റെ അഭിമാനമാണ്. നമ്മുടെ നദികളുടെയും ഒഴുക്കുകളുടെയും പ്രതീകമായ ഈ മത്സ്യം മനുഷ്യനിർമിത ഇടപെടലുകളുടെ ഫലമായി, അണക്കെട്ട് നിർമ്മാണം, മലിനീകരണം, അതിക്രമമായ ചൂഷണം എന്നിവ മൂലം വംശനാശ ഭീഷണി നേരിടുകയാണ്. ഒരുകാലത്ത് കാവേരി നദിയിലുടനീളം സമൃദ്ധമായി ഉണ്ടായിരുന്ന ഈ സ്പീഷിസ് ഉയർന്ന പ്രദേശങ്ങളിലെ പോഷക നദികളിലേക്കു മാത്രമായി ഇന്ന് ചുരുങ്ങിയിരിക്കുന്നു. ഒരു ദശാബ്ദത്തിലേറെയായി കുഫോസ് ഹമ്പ്ബാക്ക്ഡ് മഹ്സീറിനെക്കുറിച്ച് മുൻനിര ഗവേഷണങ്ങൾ നടത്തിവരുന്നു. ഈ ശാസ്ത്രീയ അറിവുകളെ പ്രായോഗിക സംരക്ഷണ പദ്ധതികളായും നയങ്ങളായും മാറ്റുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്,” എന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര വർക്ക്ഷോപ്പ് ഹമ്പ്ബാക്ക്ഡ് മഹ്സീറിന്റെ സംരക്ഷണത്തിനായി ദേശീയവും അന്താരാഷ്ട്രവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിർണായക ചുവടുവപ്പാണ്. വർക്ക്ഷോപ്പിൽ കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജു കുമാർ, കേരളത്തിന്റെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് കൃഷ്ണൻ (ഐ.എഫ്.എസ്.), കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽ കുമാർ, ബോൺമൗത്ത് സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. അഡ്രിയൻ പിണ്ടർ, മഹ്സീർ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീവ് ലോക്കറ്റ് എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








