
വൈസ് ചാന്സലർ ഡോ എ ബിജുകുമാർ പ്രദർശന സ്റ്റാൾ ഉദ്ഘാടനം ചെയ്യുന്നു
സെന്റ് ആൽബർട്സ് കോളേജ്, കൊച്ചിയിൽ നടക്കുന്ന 38-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ശ്രദ്ധേയമായ എക്സിബിഷൻ സ്റ്റാൾ ഒരുക്കി. ഉൾക്കടൽ മാതൃകയിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റാൾ ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്ന ഗവേഷകർ, വിദ്യാർത്ഥികൾ, പ്രതിനിധികൾ എന്നിവരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.
സർവകലാശാലയുടെ ഗവേഷണ-അക്കാദമിക് മികവും ദൗത്യങ്ങളും അവതരിപ്പിക്കുന്ന കുഫോസ് പ്രദർശന സ്റ്റാൾ വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധനം, സമുദ്ര ശാസ്ത്രം തുടങ്ങിയ മേഖലകളിൽ കുഫോസ് നടത്തുന്ന നവീന ഗവേഷണങ്ങൾ, അക്കാദമിക് നേട്ടങ്ങൾ, ശാസ്ത്രീയ നവീകരണങ്ങൾ, ഫീൽഡ് എക്സ്പെഡിഷനുകൾ, എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾ എന്നിവയാണ് സ്റ്റാളിലൂടെ അവതരിപ്പിക്കുന്നത്.
ഭക്ഷ്യ മേഖലയിലെ ഉയർന്നുവരുന്ന ആവശ്യകത കണക്കിലെടുത്ത് കുഫോസിൽ പുതുതായി ആരംഭിക്കുന്ന ഭക്ഷ്യ-വ്യവസായ കേന്ദ്രീകൃത പി.ജി. ഡിപ്ലോമ കോഴ്സുകൾ, സമുദ്ര സാക്ഷരതയിലും ഇന്ത്യൻ സമുദ്ര പൈതൃകത്തിലും ഉള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയുടെ സാധ്യതകളും പ്രത്യേകതകളും പ്രദർശനത്തിന്റെ ഭാഗമായി വിശദീകരിച്ചു.
ഡോ. രാജീവ് രാഘവൻ, ഡോ. അൻവർ അലി, ഡോ. അനു ഗോപിനാഥ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Photo Courtesy - Google








