
ആഗോള കാലാവസ്ഥ വ്യതിയാനവും മറ്റ് അനുബന്ധ ഘടകങ്ങളും മൂലം കേരളത്തിലെ സമുദ്രസമ്പത്തും കടൽ ആവാസവ്യവസ്ഥയും ഗുരുതരമായ സമ്മർദ്ദങ്ങൾ നേരിടുകയാണ്. ഇതിനിടനുബന്ധിച്ച് സമുദ്രജീവ വൈവിധ്യത്തിന്റെ നിലനിൽപ്പിലും വർധനവിലും അടിസ്ഥാനപരമായ പങ്ക് വഹിക്കുന്ന, സമുദ്രത്തിലെ ‘നഴ്സറികൾ’ എന്നറിയപ്പെടുന്ന പവിഴജീവികളും പവിഴപ്പുറ്റുകളും നശിച്ചുപോകുകയോ വംശനാശ ഭീഷണി നേരിടുകയോ ചെയ്യുകയാണ്. ഈ സ്ഥിതിവിശേഷം തുടർന്നാൽ കേരള തീരത്തെ നാമമാത്രമായി ശേഷിക്കുന്ന പവിഴപ്പുറ്റുകളും പവിഴജീവികളും നിശേഷം ഇല്ലാതാകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ Kerala University of Fisheries and Ocean Studies (കുഫോസ്) കേരളത്തിൽ ആദ്യമായി പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും (Coral Restoration) പ്രാധാന്യം നൽകുന്ന സമഗ്ര പഠന–ഗവേഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
ഗവേഷണത്തിന്റെ ആദ്യപടിയായി തിരുവനന്തപുരം ജില്ലയിലെ ജൈവവൈവിധ്യ സമ്പുഷ്ടമായ വിഴിഞ്ഞം തീരത്ത് നിന്നുള്ള പവിഴജീവികളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം തീരത്തിൽ നിന്ന് ശേഖരിച്ച പവിഴജീവികളെ നിശ്ചിതകാലം ശാസ്ത്രീയമായി പരിപാലിച്ച്, ആരോഗ്യകരമായി വളർന്നതിനുശേഷം തിരികെ കടലിൽ നിക്ഷേപിച്ച് പുതിയ പവിഴപ്പാരുകൾ സൃഷ്ടിക്കുകയാണ് ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം. പവിഴപ്പാരുകൾ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ സമുദ്രജീവികളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനും, മത്സ്യസമ്പത്തും അനുബന്ധ ജീവജാല വൈവിധ്യവും വർധിപ്പിക്കാനും സാധിക്കും.
കരയിലെ നഴ്സറികളിൽ പവിഴജീവികളെ വളർത്തി പിന്നീട് കടലിൽ പുനഃസ്ഥാപിക്കുന്ന രീതി ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്നതാണ് ഈ പഠനത്തിന്റെ പ്രത്യേകത. ഇത് നിയന്ത്രിത സാഹചര്യങ്ങളിൽ പവിഴങ്ങളുടെ വളർച്ചയും ആരോഗ്യവും ഉറപ്പാക്കാൻ സഹായിക്കുകയും, വലിയ തോതിലുള്ള പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ ഒരുക്കുകയും ചെയ്യുന്നു. ഗവേഷണത്തിന്റെ ഒന്നാംഘട്ടം പരിപൂർണ്ണ വിജയത്തോടെ പൂർത്തീകരിച്ചിരിക്കുകയാണ്.
സ്ക്യൂബാ ഡൈവിംഗ് വിദഗ്ധനും ‘പവിഴപ്പുറ്റുകൾ: കടലിലെ മഴക്കാടുകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ കുഫോസിലെ ഗവേഷണ വിദ്യാർത്ഥി ശ്രീ. അരുൺ അലോഷ്യസ് തിരുവനന്തപുരം ജില്ലയിലെ Vizhinjam നിന്നാണ് പവിഴജീവികളെ ശേഖരിച്ചത്. ശേഖരിച്ച പവിഴജീവികളെ Kerala University of Fisheries and Ocean Studies (കുഫോസ്) ലും സി.എം.എഫ്.ആർ.ഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലും ശാസ്ത്രീയമായി പരിപാലിച്ചുവരുന്നു. കേരള വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് ഈ ഗവേഷണ പ്രവർത്തനം നടത്തുന്നത്. കുഫോസിലെ ഫിഷറീസ് ഫാക്കൽറ്റിയിലെ ഡോ. ഷൈല ജിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിൽ ഡോ. ദിനേശ് കെ (കുഫോസ് രജിസ്ട്രാർ), ഡോ. ശ്രീനാഥ് കെ.ആർ (FSI ഡയറക്ടർ), ഡോ. സന്തോഷ് ബി (സി.എം.എഫ്.ആർ.ഐ, വിഴിഞ്ഞം കേന്ദ്ര മേധാവി), ഡോ. റമീസ് റോഷൻ പി.എം (ഫാക്കൽറ്റി, കുഫോസ്) എന്നിവർ അംഗങ്ങളാണ്.
ഈ ഗവേഷണഫലം സമുദ്രതീരത്തെ പവിഴപ്പുറ്റുകളുടെ വ്യാപനം വർധിപ്പിക്കുന്നതിനും, അതുവഴി സമുദ്ര ആവാസവ്യവസ്ഥ മെച്ചപ്പെടുന്നതിനും, തുടർന്ന് ദീർഘകാല അടിസ്ഥാനത്തിൽ മത്സ്യസമ്പത്ത് വർധിക്കുന്നതിനും ഇടയാക്കുന്നതാണ്..
കേരളത്തിൽ പവിഴപുറ്റുമേഖലകൾ കാണപ്പെടുന്നില്ലങ്കിലും പവിഴ ജീവികൾ ഏറെയുള്ള നിരവധി പ്രദേശങ്ങളുണ്ട്. ഇത്തരം പ്രദേശങ്ങളിൽ പവിഴപ്പാരുകൾ പുനഃസൃഷ്ടിക്കുന്നത് ജൈവവൈവിധ്യ സംരക്ഷണത്തിന് മുതൽ കൂട്ടാവുമെന്ന് കുഫോസ് വൈസ് ചാൻസിലർ പ്രൊഫ . ഡോ . ബിജുകുമാർ അഭിപ്രായപ്പെട്ടു.
Photo Courtesy - Google








