
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയും (കുഫോസ്) മത്സ്യകൃഷി, മൂല്യവർദ്ധിത മത്സ്യോൽപ്പന്നങ്ങളുടെ വികസനം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനായി മാസ് സ്പോർട്സ് ആൻഡ് ലെഷർ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം (MoU) ഒപ്പുവെച്ചു. ശാസ്ത്രീയ വൈദഗ്‌ധ്യവും വ്യവസായ പരിചയവും ഒന്നിപ്പിച്ച് മത്സ്യബന്ധന മേഖലയിലെ നവീകരണത്തിനും സുസ്ഥിര വികസനത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകുന്നതാണ് ഈ ധാരണാപത്രം. ധാരണാപത്രത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ എടയാറും കാക്കനാടും മത്സ്യകൃഷി കേന്ദ്രങ്ങൾ സ്ഥാപിക്കും. മത്സ്യ സംസ്കരണം, മൂല്യവർദ്ധനം, വിപണനം തുടങ്ങിയ മേഖലകളിലും രണ്ട് സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കും. കൂടാതെ കുഫോസിലെ വിദ്യാർത്ഥികൾക്ക് പരിശീലനം, ഇന്റേൺഷിപ്പ്, പ്രായോഗിക പരിചയം തുടങ്ങിയവ ലഭ്യമാക്കും. അഞ്ച് വർഷത്തേക്കാണ് ഈ ധാരണാപത്രത്തിൻ്റെ കാലാവധി. വ്യവസായ സഹകരണം, കാര്യക്ഷമത വികാസം, സുസ്ഥിര അക്വാകൾച്ചർ പ്രവർത്തനങ്ങൾ എന്നിവയിൽ കുഫോസിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ധാരണാപത്രം. അൻപത് വർഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുന്ന തരിശ് ഭൂമിയെ കായികം, പഠനം, സാമൂഹിക ക്ഷേമം എന്നിവയ്ക്കായുള്ള സജീവ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെയും യുവജനങ്ങളുടെയും കായിക പരിശീലനവും സാംസ്‌കാരിക പ്രവർത്തനങ്ങളും കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ അനുബന്ധ മേഖലകളുമായി സംയോജിപ്പിച്ചുള്ള സമഗ്ര പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ആയിരക്കണക്കിന് കുട്ടികൾക്കും യുവജനങ്ങൾക്കും വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നതോടൊപ്പം, ക്യാമ്പസിനകത്ത് തന്നെ ഉത്പാദിപ്പിക്കുന്ന ഭക്ഷണമാണ് അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക.
പാൽ ഉത്പാദനത്തിനായി നാടൻ പശുക്കളെ പരിപാലിക്കും. കോഴി, താറാവ് വളർത്തൽ യൂണിറ്റുകൾ വഴി മാംസാവശ്യങ്ങൾ നിറവേറ്റും. ഭൂമിയുടെ പരമാവധി ഉപയോഗം ഉറപ്പാക്കി പച്ചക്കറികളും ഫലവൃക്ഷങ്ങളും കൃഷി ചെയ്യും. മത്സ്യാവശ്യങ്ങൾക്കായി കുളങ്ങളും ആധുനിക അക്വാകൾച്ചർ സംവിധാനങ്ങളും വികസിപ്പിക്കും. കുഫോസിൻ്റെ ശാസ്ത്രീയവും സാങ്കേതികവുമായ വൈദഗ്‌ധ്യം പ്രയോജനപ്പെടുത്തി മത്സ്യത്തിൻ്റെ മൂല്യവർദ്ധനയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
പദ്ധതി യാഥാർഥ്യമായാൽ കേരളത്തിലും, ഒരുപക്ഷേ ഇന്ത്യയിലും തന്നെ, വിദ്യാഭ്യാസം, സുസ്ഥിരത, കായികം, ഉപജീവനം എന്നിവ ഒരുമിച്ച് കൈകോർക്കുന്ന അപൂർവ മാതൃകയായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനപ്പുറം യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് പ്രദേശത്തിൻ്റെ സാമൂഹ്യ-സാമ്പത്തിക വളർച്ചയ്ക്കും ഈ സംരംഭം ശക്തമായ സംഭാവന നൽകും.
Photo Courtesy - Google








