
സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെയും കുടുംബശ്രീ മിഷന്റെ ഭാഗമാക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങൾ രൂപീകരിക്കാനാണ് നിർദ്ദേശമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാകും ഇതിന്റെയും ഏകോപന ചുമതല.
പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ചാകും അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക. കുടുംബശ്രീ മിഷനുകീഴിൽ സ്പെഷ്യൽ അയൽക്കൂട്ടങ്ങളുണ്ടാക്കാൻ മാർഗരേഖ തയ്യാറാക്കിക്കഴിഞ്ഞതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.
കേരളവുമായി അന്യസംസ്ഥാന തൊഴിലാളികളെ സാംസ്കാരികമായി ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ബഹുഭാഷാ വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കും. അയൽക്കൂട്ടങ്ങൾക്ക് പുറമെ, കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബാലസഭകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെക്കൂടി ഉൾപ്പെടുത്താനും നിർദേശമുണ്ട്.











