
എറണാകുളം: ജില്ലാതല ഓണം വിപണന മേള കളമശ്ശേരി ചക്കോളാസ് ഗ്രൗണ്ടിൽ ഇന്ന് തുടക്കം കുറിക്കും. സെപ്റ്റംബർ 2 വരെ നീണ്ടുനിൽക്കുന്ന വിപണന മേള വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കുടുംബശ്രീ മിഷൻ സംസ്ഥാനത്തെ ജില്ലകളിലായി നടത്തുന്ന ഓണച്ചന്തകളുടെ ഭാഗമായാണ് എറണാകുളം ജില്ലാതല ഓണ വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ജില്ലയിലെ വിവിധ സംരംഭകർ പങ്കെടുക്കുന്നു. കഫേ കുടുംബശ്രീയുടെ ഭക്ഷ്യ സ്റ്റാളുകൾ, വിവിധ ഉൽപ്പന്ന യൂണിറ്റുകളുടെ വിപണന സ്റ്റാളുകൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
മേളയിൽ കുടുംബശ്രീ സംരംഭകർ നിർമിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ ലഭ്യമാകും. കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കും.
ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കുടുംബശ്രീ ലോഗോ പതിച്ച കവറുകളിലും പാക്കിംഗിലും ഉൽപ്പന്നത്തിന്റെ പേര്, വില, ഉത്പാദന തീയതി, വിപണന കാലയളവ് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഓണാഘോഷവുമായി ബന്ധപ്പെട്ട വിഷരഹിത പച്ചക്കറി വിപണിയും
ന്യായവിലയിൽ പൂക്കളുടെ വിപണിയും കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ജില്ലാതല ഓണ മേളയ്ക്ക് പുറമേ ഓരോ സി.ഡി.എസ്. മേഖലകളിലും പഞ്ചായത്ത് തല ഓണ വിപണന മേളകൾ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
Photo Courtesy - Google








