
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാലയുടെ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വിരാമമാകുന്നത് ദീർഘനാളായി നിലനിന്നിരുന്ന അധികാര തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമാണ്. സുപ്രീംകോടതിയുടെ അന്ത്യശാസനമാണ് ഇതോടെ ഫലം കണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിൽ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും വൈസ് ചാൻസലർമാരെ നിയമിക്കാൻ ധാരണയിലെത്തിയത്.
സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാൽ നീണ്ടുനിന്ന വിസി നിയമന പ്രതിസന്ധിക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. സമവായം ഉണ്ടാകാത്ത പക്ഷം നേരിട്ട് നിയമനം നടത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തിയത്. ആദ്യഘട്ട ചർച്ചയിൽ തീരുമാനമുണ്ടായില്ലെങ്കിലും പിന്നീട് നടന്ന സമവായ ചർച്ചയിലാണ് വഴിത്തിരിവുണ്ടായത്.
ഡോ. സിസാ തോമസിനെ വിസിയായി നിയമിക്കരുതെന്ന സർക്കാർ നിലപാട് അവസാന നിമിഷം പിൻവലിച്ചതോടെയാണ് കരാർ സാധ്യമായത്. അതേസമയം, ഡിജിറ്റൽ സർവകലാശാലയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട എജിയുടെ അന്വേഷണം നടക്കുന്നതിനാൽ ഡോ. സജി ഗോപിനാഥിനെ വീണ്ടും വിസിയാക്കാൻ കഴിയില്ലെന്ന നിലപാട് ഗവർണറും മയപ്പെടുത്തി.
ഇരു പക്ഷങ്ങളും നിലപാടുകളിൽ ഇളവ് വരുത്തിയതോടെയാണ് സുപ്രീംകോടതിയുടെ നേരിട്ടുള്ള ഇടപെടൽ ഒഴിവാക്കാനായത്. ദീർഘകാലമായി അനിശ്ചിതത്വത്തിൽ ആയിരുന്ന സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും നേതൃത്വ പ്രശ്നം ഇതോടെ പരിഹാരത്തിലേക്കാണ് നീങ്ങുന്നത്.











