
മലപ്പുറം: വിശ്വാസികൾക്ക് സിപിഎമ്മിൽ അംഗത്വമെടുക്കാനാകില്ലെന്ന സമസ്ത നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രസ്താവനയ്ക്ക് പരോക്ഷ വിമർശനവുമായി മുൻ മന്ത്രിയും പുതുതായി സിപിഎം അംഗത്വം സ്വീകരിച്ച നേതാവുമായ കെ.ടി. ജലീൽ രംഗത്ത്. വിശ്വാസികളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ജലീലിന്റെ പ്രതികരണം.
തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജലീൽ നിലപാട് വ്യക്തമാക്കിയത്. മനുഷ്യരുടെ ഭൗതിക മോചനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിശ്വാസികൾക്ക് അംഗത്വമെടുക്കുന്നതിൽ യാതൊരു വൈരുധ്യവും ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നമ്മുടെ മോക്ഷത്തിന്റെ താക്കോൽ ഏതെങ്കിലും തമ്പുരാന്റെ അരയിൽ തൂക്കിയിട്ടിരിക്കുന്നതല്ല. ഓരോ വ്യക്തിയുടെയും പ്രവർത്തികളിലാണ് അത് നിക്ഷിപ്തമായിരിക്കുന്നത്. ദൈവം മനുഷ്യരുടെ ഹൃദയങ്ങളെയാണ് നോക്കുന്നത്; അവർ ഏത് രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങളാണെന്നതല്ല,’ ജലീൽ കുറിപ്പിൽ പറഞ്ഞു. ജലീൽ സിപിഎമ്മിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയായിരുന്നു വിശ്വാസികളും കമ്മ്യൂണിസ്റ്റ് പാർട്ടിയും സംബന്ധിച്ച സത്താർ പന്തല്ലൂരിന്റെ പരാമർശം.
കെ ടി ജലീലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം...
വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ പാടില്ലത്രെ!
ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റിൽ അംഗമാകാൻ കഴിയില്ലെങ്കിൽ എങ്ങിനെയാണ് ഒരു വിശ്വാസിക്ക് കോൺഗ്രസ്സാകാൻ സാധിക്കുക? എങ്ങനെ തൃണമൂൺ കോൺഗ്രസ്സാകാൻ സാധിക്കും? എങ്ങനെ ഡി.എം.കെ ആകും? എങ്ങനെ ഒരു വിശ്വാസിക്ക് ആംആദ്മി പാർട്ടിയിൽ അംഗമാകാൻ പറ്റും? എങ്ങനെ ഒരു ബഹുദൈവാരാധകന് ഏകദൈവ വിശ്വാസികൾ മാത്രമുള്ള മുസ്ലിംലീഗിൽ അംഗമാകാൻ സാധിക്കും? ഒരു യഥാർത്ഥ വിശ്വാസിക്ക് എങ്ങനെ ബി.ജെ.പിയിൽ അംഗമാകാൻ കഴിയും? ഒരു വിശ്വാസിക്ക് എങ്ങനെ സമാജ്വാദി പാർട്ടിയും സോഷ്യലിസ്റ്റ് ജനതാദളും ആകാൻ കഴിയും? ഒരു വിശ്വാസിക്ക് എങ്ങനെ കേരള കോൺഗ്രസ്സോ ആർ.എസ്.പിയോ ആർ.എം.പിയോ സി.എം.പിയോ ആകാൻ സാധിക്കും?
ഒരു സുന്നിക്കും മുജാഹിദിനും ജമാഅത്തെ ഇസ്ലാമിക്കാരനും മുസ്ലിംലീഗിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ആശയ ഭിന്നത തടസ്സമല്ലെങ്കിൽ ഒരു ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്തവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്തുകൊണ്ട് ഒരുമിച്ച് പ്രവർത്തിക്കാനാവില്ല?
ഒരു ഹിന്ദു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കരുതെന്ന് വാദിക്കുന്നത് ആർ.എസ്.എസും ബി.ജെ.പിയുമാണ്! ഒരു മുസ്ലിം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കരുതെന്ന് പ്രചരിപ്പിക്കുന്നത് മുസ്ലിംലീഗും ലീഗിന്റെ അടിയാളന്മാരുമാണ്! ഒരു ക്രൈസ്തവൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ പാടില്ലെന്ന് ശഠിക്കുന്നത് കൃസംഘികളാണ്. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം തകർക്കാൻ ശ്രമിക്കുന്ന മതഭ്രാന്തൻമാരുടെ വാക്കുകളെ ചവറ്റുകൊട്ടയിൽ എറിഞ്ഞ്, മനുഷ്യരുടെ ഭൗതിക മോചനത്തിനായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിശ്വാസികൾ അംഗത്വമെടുക്കുക. ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോൽ! അത് നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തികളിലാണ് തൂക്കിയിട്ടിരിക്കുന്നത്. ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. അല്ലാതെ ഓരോരുത്തരുടെയും പാർട്ടി മെമ്പർഷിപ്പിലേക്കല്ല!
ലോകത്തൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയും ബന്ധപ്പെട്ട പാർട്ടികളിൽ അംഗത്വമെടുക്കണമെങ്കിൽ മതനിഷേധിയാകണമെന്നോ യുക്തിവാദിയാകണമെന്നോ അവയുടെ ഭരണഘടനകളിൽ വ്യവസ്ഥ വെച്ചിട്ടില്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേവലമൊരു ദാർശനിക പാർട്ടിയല്ല. പ്രായോഗിക രാഷ്ട്രീയ സംഘടന കൂടിയാണ്. ദാർശനികമായും രാഷ്ട്രീയമായും കമ്മ്യൂണിസ്റ്റ് പാർട്ടിയെ അംഗീകരിക്കുന്നവർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പ്രമേയങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാൻ സന്നദ്ധരായവർക്കും ഒരുപോലെ അംഗത്വം നൽകുന്ന സംഘടനയാണത്. അക്കാര്യം ഇ.എം.എസ് ചിന്തയുടെ ചോദ്യോത്തര പംക്തിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ബഹുമത സമൂഹത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാമതക്കാരെയും സമുദായ വിഭാഗങ്ങളെയും ഉൾകൊള്ളുന്ന പോലെ കമ്മ്യൂണിസ്റ്റു പാർട്ടികളും വിവിധ വിശ്വാസി സമൂഹങ്ങളെയും അവിശ്വാസികളെയും ഉൾകൊള്ളുന്നു. കോൺഗ്രസ്സിലെയും മുസ്ലിംലീഗിലെയും ജനതാദളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികളിലെയും വിശ്വാസികളായ മുസ്ലിങ്ങൾ നമസ്‌കരിക്കാൻ ഒത്തുകൂടുന്നത് മസ്ജിദുകളിലാണ്. ഹിന്ദുക്കൾ പ്രാർത്ഥനക്കും ദർശനത്തിനും ക്ഷേത്രങ്ങളിലേക്കാണ് പോവുക. എല്ലാ പാർട്ടികളിലുമുള്ള ക്രൈസ്തവരാകട്ടെ കുർബാനയിൽ സംബന്ധിക്കാൻ പോകാറ് ചർച്ചുകളിലേക്കാണ്. ആത്മീയ രംഗത്ത് വ്യത്യസ്ത വഴികൾ സ്വീകരിക്കുന്ന കോൺഗ്രസ്സിലേയോ ലീഗിലേയോ സഹോദര സമുദായാംഗങ്ങൾ അരലീഗോ അരകോൺഗ്രസ്സോ അല്ലാത്തതു പോലെ കമ്യൂണിസ്റ്റ് പാർട്ടിയിലെ വ്യത്യസ്ത ആത്മീയ ധാരകളെ പുൽകുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അംഗീകരിച്ച് പാർട്ടി അംഗങ്ങളായവർ അര കമ്മ്യൂണിസ്റ്റുകാരുമല്ല.
ഒരിക്കൽ
സ: ലെനിൻ ഒരു പാതിരിക്ക്
പാർട്ടിയിൽ അംഗത്വം കൊടുക്കാമോ
എന്ന ചോദ്യത്തിനു നൽകിയ
ഉത്തരം; എന്ത് കൊണ്ട് കൊടുത്തുകൂടാ?
അയാൾ പാർട്ടി പരിപാടിയും
ഭരണഘടനയും അനുസരിച്ചു പ്രവർത്തിക്കാൻ തയാറാണെങ്കിൽ നിശ്ചയമായും പാർട്ടിയംഗമാവാം.
ഒരു പുരോഹിതനെന്ന നിലയിൽ
അയാൾ പള്ളിയിൽ ചെയ്യുന്ന
പണിയല്ലല്ലോ പാർട്ടിയിൽ ചെയ്യുന്നത്.
അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ
അനുഭവിക്കുന്ന ദുരിതവും
ചൂഷണവും അവസാനിപ്പിക്കാനുള്ള സമര പ്രചാരണ സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരു പാതിരിയെന്ന
ആത്മീയപദവി ഒരു തടസ്സവും
സൃഷ്ടിക്കാത്ത കാലത്തോളം അയാൾക്ക്
പാർട്ടിയിൽ അംഗമായി പ്രവർത്തിക്കാം....
ആ ബോദ്ധ്യം കൊണ്ടാണ് ഇസ്ലാമിക പണ്ഡിതന്മാരായിരുന്ന ഹസ്രറത്ത് മൊഹാനിയും ഹസ്രത്ത് ബർക്കത്തുള്ളയും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചത്. വിശ്വാസി സമൂഹമേ; നിങ്ങൾക്ക് സധൈര്യം സി.പി.ഐ എമ്മിലേക്ക് കടന്നുവരാം. ആരും നിങ്ങളുടെ ആരാധനാചാരങ്ങളെ നിരുൽസാഹപ്പെടുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. നിങ്ങൾക്കോരോരുത്തർക്കും ഒരു നല്ല ഹിന്ദുവോ ക്രൈസ്തവനോ മുസ്ലിമോ ആയിത്തന്നെ ഒരു നല്ല കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമാകാം. മറിച്ചുള്ള പ്രചരണങ്ങൾ നൂറ്റിഒന്ന് ശതമാനവും തെറ്റാണ്...തെറ്റാണ്... തെറ്റാണ്....










